ശാരദാ കേസ്: നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്‌

കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഈ മാസം 23ന് ഹാജരാവാനാണ് നിര്‍ദേശം
ശാരദാ ചിട്ടി ഫണ്ടില്‍ നിന്നുള്ള സ്വത്തുസമ്പാദനത്തിന്റെ തെളിവുകളുമായി ഹാജരാവാനാണ് ശാരദാ ചിട്ടി ഫണ്ട് അഭിഭാഷകയായ നളിനിയോട് കോടതി ഉത്തരവിട്ടത്. സ്ത്രീയായതിനാല്‍ താമസസ്ഥലത്തു നിന്നു മറ്റൊരിടത്ത് ചോദ്യം ചെയ്യലിനു ഹാജരാവാന്‍ കഴിയില്ലെന്ന നളിനിയുടെ വാദം കോടതി തള്ളി. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെയ് 7ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 30ന് ഏജന്‍സി നളിനിക്ക് കത്ത് നല്‍കിയിരുന്നു. 2016 സപ്തംബര്‍ 7നാണ് ശാരാദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നളിനി ചിദംബരംഹാജരാവണമെന്നു കോടതി ആദ്യമായി ഉത്തരവിടുന്നത്.
അനധികൃതമായി 1.26 കോടി രൂപ ശാരദാ ഗ്രൂപ്പില്‍ നിന്നു കൈപ്പറ്റിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും നളിനിയെ ചോദ്യം ചെയ്തിരുന്നു.
രാഷ്ട്രീയമായി തന്നെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു വിചാരണവേളയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നളിനി ആരോപിച്ചു. പ്രതികള്‍ക്കായി ഹാജരാവുമ്പോള്‍ പ്രതിഫലം വാങ്ങുന്നത് തെറ്റല്ല. ക്രിമിനല്‍ കേസുകളില്‍ ഹാജരാവുന്ന എല്ലാ വക്കീലുമാരും ഫീസ് വാങ്ങുന്നവരാണെന്നു നളിനി കോടതിയില്‍ പറഞ്ഞു.
2016ലാണ് നളിനിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. എയര്‍ടെല്‍-മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ട് നളിനിയുടെ മകനായ കാര്‍ത്തിയെ പലതവണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. കാര്‍ത്തിക്കെതിരായ കുറ്റപത്രം കുറച്ചു ദിവസം മുമ്പ് ഏജന്‍സി സമര്‍പ്പിച്ചു.

RELATED STORIES

Share it
Top