ശസ്ത്രക്രിയ നടത്തുന്നത് എട്ടാം ക്ലാസ് യോഗ്യതയുള്ള ഉടമ; ആശുപത്രി പൂട്ടി

ഷംലി: കേരളത്തിലെ ആശുപത്രികളോട് യുപിയിലെ ആതുരസേവനരംഗത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ കഴിഞ്ഞദിവസം ഒരു ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ നടത്തിയതാവട്ടെ എട്ടാംക്ലാസ് ജയിച്ച ആശുപത്രിയുടമയും.
രോഗിക്കുള്ള അനസ്തീസ്യ നല്‍കിയത് ആശുപത്രിയിലെ വനിതാ കംപൗണ്ടര്‍. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് സിങ് എന്ന ആശുപത്രിയുടമ രോഗികളെ ശസ്ത്രക്രിയ ചെയ്യുന്നത്. വനിതാ കംപൗണ്ടര്‍ അനസ്തീസ്യ നല്‍കുന്നതും ഇതേ വീഡിയോയില്‍ ദ്യശ്യമാണ്. ഷംലിയിലെ ആര്യന്‍ ആശുപത്രിയിലാണു സംഭവം. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ സര്‍ജറി വിവാദമായത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയതായും അന്വേഷണം പ്രഖ്യാപിച്ചതായും ആക്ടിങ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അശോക് കുമാര്‍ ഹന്‍ഡ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് മുമ്പ് മൂന്നുതവണയിലധികം ഈ ആശുപത്രി അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാല്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് വീണ്ടും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികില്‍സാപ്പിഴവ് മൂലം  ആശുപത്രിയില്‍ 20ലധികം രോഗികള്‍ മരണമടഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളില്‍ ആശുപത്രിക്കെതിരേ ആറോളം എഫ്‌ഐആറും നിലനില്‍ക്കുന്നുണ്ട്. ആശുപത്രി ഉടമസ്ഥനെതിരേ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരായി നടപടിയെടുക്കുന്നതിനെ ബിജെപി നേതാക്കള്‍ തടസ്സപ്പെടുത്തുന്നുവെന്നും അശോക് കുമാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top