ശസ്ത്രക്രിയക്ക് മുമ്പ് വേദനസംഹാരി നല്‍കാതെ പീഡിപ്പിച്ചതായി പരാതി

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്കു മുമ്പ് വേദനസംഹാരി നല്‍കാതെ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് രോഗിയായ എം എ അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ ചേലക്കടവ് മുക്കുതല മാളിയേക്കല്‍ അബ്ദുല്‍ ലത്തീഫിനാണ് ഈ ദുരനുഭവമുണ്ടായത്.
വൃക്കയില്‍ കല്ല് വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമായപ്പോഴാണ് യൂറോളജി വിഭാഗം ഡോക്ടര്‍ രാജേഷ് കെ കുമാര്‍ ക്രൂരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അബ്ദുല്‍ ലത്തീഫ് നല്‍കിയ പരാതിയില്‍ പറയുന്നു. വൃക്കയിലെ കല്ലു മാറ്റാനുള്ള ശസ്ത്രക്രിയ നടത്തുമ്പോള്‍ വേദനസംഹാരി നല്‍കിയില്ലെന്നു മാത്രമല്ല, കേണപേക്ഷിച്ചപ്പോള്‍ ക്രൂരമായ പെരുമാറ്റമാണ് ഡോക്ടറില്‍നിന്ന് ഉണ്ടായത്. ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ സ്റ്റെന്റ്്് പിടിപ്പിക്കുന്ന കാര്യവും വ്യക്തമാക്കിയിരുന്നില്ല. വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ തുടര്‍ചികില്‍സയും മരുന്നും നല്‍കാതെ മൂന്നുദിവസം പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ക്ക് വീട്ടില്‍ ചെന്ന് 10,000 രൂപ കൈക്കൂലി കൊടുക്കാത്തതാണ് വേദനസംഹാരി നല്‍കാതെ ശസ്ത്രക്രിയ നടത്തി പീഡിപ്പിക്കാന്‍ കാരണമെന്നു വ്യക്തമായതെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും പരാതി നല്‍കി. നിരവധി രോഗികളെ രാപകലില്ലാതെ പരിചരിക്കുന്ന ചങ്ങരംകുളത്തെ കാരുണ്യം പാലിയേറ്റീവ് കെയറിന്റെ സജീവ പ്രവര്‍ത്തകനാണ് എം എ അബ്ദുല്‍ ലത്തീഫ്.

RELATED STORIES

Share it
Top