ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, എന്‍സിപി അധ്യക്ഷന്‍ ടി പി പീതാംബരന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷവും മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ചടങ്ങില്‍ പങ്കെടുത്തില്ല. പിണറായി  സര്‍ക്കാര്‍ രൂപീകരണവേളയില്‍ മന്ത്രിയായിരുന്ന ശശീന്ദ്രന്‍ അശ്ലീലസംഭാഷണത്തില്‍ ഏര്‍പ്പെട്ടുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് 2017 മാര്‍ച്ച് 26ന് രാജിവച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായല്‍ കൈയേറ്റ വിവാദങ്ങളെ തുടര്‍ന്ന് നവംബര്‍ 15ന് അദ്ദേഹവും രാജിവച്ചൊഴിഞ്ഞു. എന്‍സിപിയിലെ ഇരു എംഎല്‍എമാര്‍ക്കും കേസുകളുള്ള സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാവുന്നയാള്‍ മന്ത്രിയാവുമെന്നായിരുന്നു ധാരണ. എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

RELATED STORIES

Share it
Top