ശശീന്ദ്രനെതിരേ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ സഹായി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരേ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ വീട്ടിലെ സഹായിയെന്ന് കണ്ടെത്തി. തോമസ് ചാണ്ടിയുടെ പിഎ ആയ ബി വി ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയാണ് മഹാലക്ഷ്മിക്ക്. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഹരജി തള്ളിയതിനു പിന്നാലെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞയുടെ തലേദിവസം മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ പറഞ്ഞ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരവും നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. മഹാലക്ഷ്മി ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിലാണ്. ഇലിപ്പോടുള്ള ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീകുമാര്‍, തോമസ് ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ചാണ്ടിയുടെ പിഎ ആണ് ഇയാള്‍. ശ്രീകുമാറിന്റെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന വിവരം മഹാലക്ഷ്മി വ്യക്തമാക്കുകയും ചെയ്തു. കേസിന് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലയ്ക്കാണ് അമ്മ പരാതി നല്‍കിയതെന്നും മഹാലക്ഷ്മിയുടെ മകള്‍ പറഞ്ഞു.

RELATED STORIES

Share it
Top