ശശി തരൂര്‍ എംപിയുടെ ഓഫിസ് ആക്രമണം; അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കന്റോണ്മെന്റ് പോലിസാണ് അറസ്റ്റ് ചെയ്തത്. മനു (25), അഖില്‍ എസ് നായര്‍ (28), ഗോവിന്ദ് (29), വിഷ്ണു (28), ഹരികൃഷ്ണന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കത്തക്ക കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പിടികൂടിയ അഞ്ചു പേരെയും ജാമ്യത്തില്‍ വിട്ടതായി കന്റോണ്‍മെന്റ് പോലിസ് അറിയിച്ചു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ ഓഫിസിന് നേരെ കഴിഞ്ഞ ദിവസം കരിഓയില്‍ ഒഴിക്കുകയും ഓഫിസിനു മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റിയെഴുതാനാണ് ബി.ജെ.പി.യുടെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടമില്ലാത്ത 'ഹിന്ദു പാകിസ്താനാ'യി ഇന്ത്യ മാറുമെന്നായിരുന്നു തിരുവനന്തപുരത്തു നടന്ന പൊതുചടങ്ങില്‍ തരൂര്‍ പറഞ്ഞത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ശശി തരൂരിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചു. യാത്രകളില്‍ അദ്ദേഹത്തിന് പോലിസ് വാഹനത്തിന്റെ അകമ്പടി അനുവദിക്കും. നിലവില്‍ രണ്ട് ഗണ്‍മാന്‍മാരെയാണ് തരൂരിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതെന്നും അതു തുടരുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top