ശശി കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് എ കെ ബാലന്‍

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ പി കെ ശശി എംഎല്‍എ കുറ്റക്കാരനെങ്കില്‍ നടപടി ഉണ്ടാകുമെന്ന് എ കെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പി കെ ശ്രീമതിയെയും എ കെ ബാലനെയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തുകൊണ്ടായിരിക്കും അന്വേഷണ കമ്മീഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയുടെ തുടര്‍ച്ചയായാണ് മന്ത്രിയുടെ പ്രതികരണം. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും പരാതിക്കാരി പോലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്നു വ്യക്തമാക്കിയിരുന്നു. അതേസമയം, ശശിക്കെതിരേ സിപിഎം നിയന്ത്രണം ശക്തമാക്കി. ഇന്നലെ ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ടിയിരുന്ന എംഎല്‍എയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശപ്രകാരമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് സൂചന. ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അനുബന്ധ പരിപാടികളുമായിരുന്നു ഇന്നലെ വൈകീട്ട് 3ന് നിശ്ചയിച്ചിരുന്നത്. ഇതോടൊപ്പം ഇന്നലെ നടക്കേണ്ട ഏരിയാ കമ്മിറ്റി യോഗവും മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ശശി സ്‌കൂള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരിയില്‍ പൊതുപരിപാടിക്കെത്തിയ എംഎല്‍എ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പല വെല്ലുവിളികളും നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ഇടപെടല്‍ ശക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതും സംഘടനാ പരിപാടികളില്‍ പങ്കെടുക്കുന്നതും വിലക്കിയതായാണ് അറിയുന്നത്.

RELATED STORIES

Share it
Top