ശവസംസ്‌കാര ബിസിനസ്‌

ചൈനയില്‍ ഒരു പുതിയ ബിസിനസ് തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നു- ശവസംസ്‌കാരം. വൃദ്ധജനങ്ങളുടെയും സമ്പത്തിന്റെയും വര്‍ധിച്ചുവരുന്ന പെരുക്കമാണു കാരണം. 2005ലെ യുഎന്‍ കണക്കനുസരിച്ച് 65 വയസ്സ് കഴിഞ്ഞ 100 ദശലക്ഷം വൃദ്ധര്‍ ചൈനയിലുണ്ട്. ഈ നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്ക് ഇത് 330 ദശലക്ഷമായേക്കും. റഷ്യയുടെ ഇന്നത്തെ ജനസംഖ്യയുടെ ഇരട്ടിയോളം വരുമിത്.
ഒരര്‍ഥത്തില്‍ മൂന്നു വ്യാഴവട്ടം നീണ്ടുനിന്ന 'ഒറ്റ സന്തതി നയ'മാണ് ഈ വൃദ്ധജനപ്പെരുക്കത്തിനു കാരണം. ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി വരുമാനത്തോതും ഉയര്‍ന്നു. ശവസംസ്‌കാരച്ചെലവുകള്‍ താങ്ങാവുന്നതായി.
1000 മുതല്‍ 3,470 ഡോളര്‍ വരെ ആവശ്യക്കാരുടെ കഴിവനുസരിച്ച് പല പാക്കേജുകളുണ്ട്. വൃദ്ധര്‍ക്ക് ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ഇതിനായുള്ള കമ്പനികളുമായി കരാറുണ്ടാക്കാം. ശവക്കച്ച മുതല്‍ ചിതാഭസ്മം വരെയുള്ള കാര്യങ്ങള്‍ അവര്‍ നോക്കിക്കോളും. ചിതാഭസ്മം ആഭരണത്തിലാക്കി, അനന്തരാവകാശികള്‍ക്കായി സൂക്ഷിക്കാം. അപ്പോള്‍ സെമിത്തേരിയില്‍ ഓര്‍മദിനത്തില്‍ പോയി ബുദ്ധിമുട്ടേണ്ടിവരില്ല. സാധാരണഗതിയില്‍ വര്‍ഷംതോറും ശവക്കല്ലറ വൃത്തിയാക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുമാറാം.
ബിസിനസ്സിന്റെ വളര്‍ച്ചയോടെ അതു തൃപ്തികരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജീവനക്കാര്‍ ആവശ്യമായിവന്നു. സര്‍വകലാശാലകള്‍ യുവാക്കള്‍ക്കു വേണ്ടി ഇതിനുള്ള കോഴ്‌സുകളും തുടങ്ങി. ഓരോ വര്‍ഷവും 1,600 ഒഴിവുകളുണ്ടാവുന്നുണ്ട്. 300 പേരെങ്കിലും ബിരുദമെടുത്ത് പുറത്തുവരുകയും ചെയ്യുന്നു.

RELATED STORIES

Share it
Top