ശരീരം വേര്‍പ്പെടുത്തിയ ഇരട്ടകളെ തിരിച്ചയക്കാന്‍ നീക്കം: എയിംസിന് നോട്ടീസ്

ന്യൂഡല്‍ഹി: ശസ്ത്രക്രിയയിലൂടെ ശരീരം വേര്‍പ്പെടുത്തിയ ഇരട്ടകളെ മതിയായ ചികില്‍സാസൗകര്യങ്ങൡല്ലാത്ത സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിനെതിരേ ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ നോട്ടീസ്. ഒഡീഷയില്‍ നിന്നുള്ള പട്ടികവര്‍ഗ വിഭാഗക്കാരായ ഇരട്ടകളായ ജാഗ, ബാലിയ എന്നിവരെ സ്വദേശത്തേക്കു തിരിച്ചയക്കുന്നതിനെതിരേ സമര്‍പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്‍ നടപടി. എയിംസ് ഡയറക്ടര്‍ക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ നോട്ടീസയച്ചത്. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാധകാന്ത ത്രിപാഠിയാണ് കമ്മീഷനെ സമീപിച്ചത്.
ഇരുവരെയും ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്കാണു തിരിച്ചയക്കുന്നത്. എന്നാല്‍, അവിടെ ഇത്തരം പ്രത്യേക ചികില്‍സയ്ക്ക് മതിയായ സൗകര്യങ്ങളില്ല. പ്രത്യേക പരിചരണം ആവശ്യമായ കുഞ്ഞുങ്ങളെ തിരിച്ചയക്കുന്നത് അവരുടെ ജീവന് ഭീഷണിയാണ്. അതിനാല്‍ തിരിച്ചയക്കാനുള്ള നീക്കം തടയണമെന്നാണു ഹരജിയിലെ ആവശ്യം.
വിഷയത്തില്‍ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യമന്ത്രാലയത്തോടും എയിംസ് അധികൃതരോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഈ മാസം ആദ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എയിംസ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഒഡീഷയിലെ കണ്ഡമാല്‍ മേഖലയിലെ മിലിപാടാ ഗ്രാമത്തില്‍ നിന്നുള്ളവരാണ് 31 മാസം പ്രായമായ കുട്ടികള്‍. തല പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്ന ഇവരെ വേര്‍പ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയിലെ എയിംസിലാണ് നടത്തിയത്.

RELATED STORIES

Share it
Top