ശരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ് സൗകര്യം

ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും മകള്‍ മറിയത്തിനും റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ ലഭിക്കുന്നത് ബി ക്ലാസ് സൗകര്യം.
വ്യാഴാഴ്ചയാണ് ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ഇവരെ അറസ്റ്റ് ചെയ്തത്. ബി ക്ലാസ് സൗകര്യങ്ങള്‍ പ്രകാരം ഒരു കോട്ട്, കസേര, ചായക്കോപ്പ, വിളക്ക്, ഷെല്‍ഫ്, അലക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ലഭ്യമാവും. അധികൃതരുടെ അനുവാദത്തോടെ ടിവി, എസി, ഫ്രിഡ്ജ്, ദിനപത്രങ്ങള്‍ എന്നിവ  സെല്ലില്‍ കൊണ്ടുവരാം. ഇതിനായി പ്രത്യേകം പണം അടയ്ക്കണം.
ശരീഫിനെയും മറിയത്തെയും സിഹല പോലിസ് ട്രെയിനിങ് കോളജിലെ റസ്റ്റ് ഹൗസില്‍ താമസിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് പിന്നീട് മാറ്റുകയായിരുന്നു. ജയിലില്‍ ഇരുവരെയും മെഡിക്കല്‍ വൈദ്യപരിേധന നടത്തി. ഇരുവര്‍ക്കും കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരെയും വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയര്‍ന്നവരെയുമാണ് ബി ക്ലാസില്‍ ഉള്‍പ്പെടുത്താറുള്ളത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം ലക്ഷ്യംവച്ചാണ് ഇരുവരും പാകിസ്താനില്‍ തിരിച്ചെത്തി കീഴടങ്ങിയതെന്നാണു വിലയിരുത്തല്‍.

RELATED STORIES

Share it
Top