ശരിയായ പരിശോധന നടത്താതെ ഘടിപ്പിക്കുന്ന ശ്രവണ സഹായികള്‍ ബധിരര്‍ക്ക് വിനയാവുന്നു

ആബിദ്

കോഴിക്കോട്: ശരിയായ രീതിയില്‍ പരിശോധന നടത്താതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ശ്രവണ സഹായികള്‍ ഘടിപ്പിക്കുന്നത് ബധിരര്‍ക്ക് വിനയാവുന്നതായി ആക്ഷേപം. ഓരോ വ്യക്തിക്കും അവരവരുടെ കേള്‍വിക്കുറവിന് അനുസൃതമായാണ് ശ്രവണ സഹായികള്‍ നല്‍കേണ്ടത്. ഇത് ഓരോ രോഗിയുടെയും കേള്‍വിക്കുറവിന് അനുസൃതമായി പ്രോഗ്രാം ചെയ്യേണ്ടതുണ്ട്. എന്നാല്‍, പലപ്പോഴും യഥാര്‍ഥ വൈകല്യം കണക്കാക്കാതെ സമാനമായ ശ്രവണ സഹായികള്‍ വ്യാപകമായി വിതരണം ചെയ്യുകയാണ് പതിവ്. ഇത് ശ്രവണ വൈകല്യം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള ദോഷ ഫലങ്ങള്‍ക്ക് കാരണമാവുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുപ്പത്തഞ്ച് മുതല്‍ നൂറ് ശതമാനം വരെ കേള്‍വിക്കുറവുള്ള രോഗികള്‍ക്കാണ് സാധാരണ കേള്‍വി സഹായികള്‍ നല്‍കുന്നത്. അമ്പത് ശതമാനം കേള്‍വിക്കുറവുള്ള വ്യക്തിയ്ക്ക് 90 ശതമാനം കേള്‍വിക്കുറവുള്ളവര്‍ക്ക് നല്‍കുന്ന ശ്രവണ സഹായികള്‍ നല്‍കിയാല്‍ അമിതമായി ശബ്ദം അകത്ത് ചെന്ന് ഉള്‍ചെവിയിലെ ഞെരമ്പുകള്‍ ക്ഷയിക്കുന്നതിനും രോഗിയുടെ ശ്രവണ വൈകല്യം വര്‍ധിക്കുന്നതിനും ഇടയാക്കുമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് ഡിസ്ട്രിക്ട് പ്രബേഷന്‍ ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു. ഇത്തരം തെറ്റായ രീതിയിലുള്ള ശ്രവണ സഹായി ഘടിപ്പിക്കല്‍ കുട്ടികളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ ഭീമ സ്വാസ്ഥ കാര്യക്രം, തദ്ദേശ സ്വയംഭരണ വകുപ്പ്, വികാലാംഗ ക്ഷേമ കോര്‍പറേഷന്‍ എന്നിവ വഴിയാണ് കേള്‍വിക്കുറവ് കണ്ടെത്തലും ശ്രവണ സഹായ ഉപകരണങ്ങളുടെ വിതരണവും നടക്കുന്നത്.
ഇവര്‍ക്ക് കിട്ടുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് കേള്‍വി പരിശോധന നടത്തി കേള്‍വി സഹായികള്‍ വിതരണം ചെയ്യുകയാണ് നിലവില്‍ അനുവര്‍ത്തിച്ചുവരുന്ന രീതി. പക്ഷേ, ഈ വകുപ്പുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതിനല്‍ ഒരാള്‍ തന്നെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അപേക്ഷിച്ച് രണ്ട് ചെവിയ്ക്കും കേള്‍വിക്കുറവുള്ള കുട്ടിയ്ക്ക് ശരാശരി ഒരു വര്‍ഷം അഞ്ചില്‍ കൂടുതല്‍ കേള്‍വി സഹായികള്‍ വരെ ലഭിക്കുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ഗമായി മാറുകയാണ്.
മാത്രമല്ല, ഇവര്‍ ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച ഉപകരണങ്ങള്‍ പ്രോഗ്രാം ചെയ്ത് നല്‍കാത്തതിനാല്‍ പലപ്പോഴും ഇതിന്റെ ഗുണം കേള്‍വിക്കുറവുള്ളവര്‍ക്ക് ലഭിക്കുകയുമില്ല. വേണ്ടത്ര പരിശോധന നടത്താതെയും പ്രോഗ്രാം ചെയ്യാതെയും ഒന്നില്‍ കൂടുതല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതിലും നല്ലത് ഗുണമേന്മയുള്ള രണ്ട് ശ്രവണ സഹായികള്‍ പ്രോഗ്രാം ചെയ്തു നല്‍കുന്നതാണെന്ന് ഇന്ത്യന്‍ സ്പീച്ച്, ലാംഗ്വേജ് ആന്റ് ഹിയറിങ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപക് ടി പറഞ്ഞു.
കേള്‍വി പരിശോധനയും കേള്‍വി സഹായി വിതരണവും സ്വകാര്യ ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയാണ് നടത്താറുള്ളത്. ഇതും പലവിധ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. പലപ്പോഴും ഓഡിയോളജിസ്റ്റ് എന്ന വ്യാജേന ഈ ഏജന്‍സികള്‍ ഏല്‍പ്പിക്കുന്ന യോഗ്യത ഇല്ലാത്ത ആളുകളാണ് കേള്‍വി പരിശോധന നടത്താറുള്ളത് എന്ന പരാതിയും വ്യാപകമാണ്. മാത്രമല്ല, പലപ്പോഴും ഈ പദ്ധതികള്‍ മുഖേന കേള്‍വി പരിശോധിക്കുന്നത് യാതൊരു വിധ ശബ്ദ നിയന്ത്രണങ്ങളുമില്ലാത്ത തുറന്ന സ്ഥലങ്ങളില്‍ വച്ചാണ്.
ഇത് കാരണം രോഗിയുടെ യഥാര്‍ഥ വൈക്യലം കണ്ടെത്താനും പലപ്പോഴും സാധിക്കാറില്ല. ക്യാംപുകള്‍ വഴി നടത്തുന്ന പി ടി എ ടെസ്റ്റില്‍ രോഗി പറയുന്നതിനനുസരിച്ചാണ് കേള്‍വിക്കുറവ് നിശ്ചയിക്കുന്നത്. സംസാര ശേഷിയും ബുദ്ധിവികാസവും പൂര്‍ണമായി നേടിയിട്ടില്ലാത്ത കുട്ടികളില്‍ ഈ ടെസ്റ്റ് നടത്തുന്നത് വെറും പ്രഹസനമാവുകയാണ്. വിരണം ചെയ്ത കേള്‍വി സഹായികള്‍ക്ക് സമയാനുസൃതമായി വേണ്ടത്ര സര്‍വീസും ലഭിക്കാറില്ല. പലപ്പോഴും ഉപയോഗിക്കുന്ന രീതി പോലും പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ രോഗികളുടെ കൈയ്യില്‍ ഇവ ഏല്‍പ്പിക്കുകയാണ് പതിവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

RELATED STORIES

Share it
Top