ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല; പട്ടിണിക്കഞ്ഞി സമരത്തിലേക്ക്‌

വണ്ടിപ്പെരിയാര്‍: സ്വകാര്യ തേയില തോട്ടത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളവും ലഭിക്കേണ്ട  ആനുകൂല്യങ്ങളും കിട്ടുന്നില്ല. തൊഴിലാളികള്‍ പട്ടിണി കഞ്ഞി സമരത്തിനൊരുങ്ങുന്നു. പിന്തുണയുമായി തൊഴിലാളി യൂനിയനുകളും രംഗത്ത്.
വണ്ടിപ്പെരിയാര്‍ എം എം ജെ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരത്തിനൊരുങ്ങുന്നത്. കമ്പനിയുടെ ഹെഡ് ഓഫിസായ പാലായില്‍ ഈ മാസം 23നാണ് സമര പരിപാടികളുകളായി തൊഴിലാളികള്‍ രംഗത്ത് ഇറങ്ങുന്നത്. എം എം ജെ എസ്‌റ്റേറ്റില്‍ അയ്യപ്പന്‍കോവില്‍, ചുരക്കുളം അപ്പര്‍, ചുരക്കുളം ലോവര്‍, എന്നിങ്ങനെ മൂന്നു ഡിവിഷനുകളിലായി ഇരുന്നൂറ്റി അമ്പതോളം തൊഴിലാളികളാണ് ഉള്ളത്.
തോട്ടത്തില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്നു മാസമായി  ശമ്പളവും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ  17 ന് മൂന്നു മാസത്തെ  ശമ്പളം നല്‍കാമെന്ന് കമ്പനി അധികൃതര്‍ തൊഴിലാളികളോട് പറഞ്ഞുവെങ്കിലും  ഒരു മാസത്തെ ശമ്പളം മാത്രമാണ് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്.  ആഴ്ചയില്‍ നല്‍കുന്ന ചിലവു കാശ് മാത്രമാണ് നിലവില്‍ നല്‍കുന്നത്.
ഇത് കൂടാതെ താല്‍ക്കാലികമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ശമ്പളം വൈകിയാണ് ലഭിക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനു പുറമെ തോട്ടത്തില്‍ നിന്നും പിരിഞ്ഞു പെന്‍ഷനായി പോയ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായിട്ട് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടയില്‍ മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
പെന്‍ഷനായ തൊഴിലാളികള്‍   ഗ്രാറ്റുവിറ്റി ലഭിക്കാത്തതിനെ തുടര്‍ന്നു  എസ്റ്റേറ്റ് ലയത്തില്‍ തന്നെയാണ് താമസം. അമ്പതോളം പേരാണ് കമ്പനിയില്‍ നിന്നും പെന്‍ഷനായത്.  നിരവധി തവണ മാനേജ്‌മെന്റുമായി ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായി  യാതൊരു നടപടികളും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഇത്തരത്തില്‍ സമരപരിപാടികളുമായി മുന്നോട്ടു പോവാന്‍ നിര്‍ബന്ധിതരായത്.
പി ടി ടി യൂനിയ (സിഐടിയു) നാണ് തൊഴിലാളി സമരത്തിന് പിന്തുണ നല്‍കി രംഗത്ത് എത്തിയിരിക്കുന്നത്. തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് യൂനിയന്റെ ആരോപണം.ഉടന്‍ തന്നെ  ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് അതികൃതര്‍ പറഞ്ഞെങ്കിലും പ്രഹസനം മാത്രമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മുഴുവന്‍  ആനുകൂല്യങ്ങളും ലഭിക്കാതെ വന്നാല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകും  എന്ന നിലപാടിലാണ് തൊഴിലാളികള്‍ തേയിലയുടെ ഉല്‍പാദനം കുറഞ്ഞത് കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായ കുറവുമൂലമാണ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും വൈകാന്‍ കാരണമായതെന്നാണ്  മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
പാലയില്‍ നിന്നും ഹെഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഇതോടൊപ്പം പ്രതീകാത്മകമായി കഞ്ഞി വച്ച് സമരം ചെയ്യാനാണ് തൊഴിലാളികളുടെ തീരുമാനം.

RELATED STORIES

Share it
Top