ശമ്പളത്തില്‍ നിന്ന് പിടിച്ചുവച്ച തുക തിരിച്ചുനല്‍കണം: ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് സ്റ്റാഫ്, ഗെസ്റ്റ് ഹൗസ് അസിസ്റ്റന്റ്, കോണ്‍ട്രാക്ട് തസ്തികയില്‍ താല്‍ക്കാലികമായി ജോലി ചെയ്ത പുളിക്കല്‍ സ്വദേശിയുടെ ശമ്പളത്തില്‍നിന്ന് പിടിച്ചുവച്ച തുക തിരിച്ചുനല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്. ജോലി ഒഴിവാക്കി തിരികെ പോന്നപ്പോള്‍ ഓഫിസില്‍ ഉപയോഗത്തില്‍ ഇരുന്ന കസേര കാണാനില്ലെന്ന കാരണത്താലായിരുന്നു സര്‍വകലാശാല 2,094 രൂപ പിഴ കണക്കില്‍ അവസാന മാസത്തെ ശമ്പളത്തില്‍നിന്ന് തുക പിടിച്ചെടുത്തത്. കസേര നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ലെന്നും പരാതിക്കാരന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. അരീക്കോട് നീരട്ടിക്കല്‍ ജുമാഅത്ത് പള്ളിയില്‍നിന്ന് ജീവനക്കാരനെ പിരിച്ചുവിട്ട നടപടി കമ്മീഷന്‍ റദ്ദാക്കി. ജീവനക്കാരനോട് പള്ളി കമ്മിറ്റി വിശദീകരണം ചേദിച്ചിട്ടില്ലെന്നും മാനുഷിക പരിഗണന നല്‍കാതെ പിരിച്ചുവിട്ടതായും കണ്ടെത്തി.
സ്വന്തം കടയില്‍ സ്ത്രീ സുഹൃത്തുമായി സംസാരിച്ചതിന് സംഘമായി എത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും കടയില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ജില്ലയ്ക്ക് പുറത്തുള്ള പോലിസ് ഓഫിസര്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
തിരൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍. വനിത കടയുടമക്കെതിരെയും കടയ്‌ക്കെതിരെയും സേഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിലും സൈബര്‍ സെല്‍ സഹായത്തോടെ ജില്ലയ്ക്ക് പുറത്തുള്ള പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു.  സിറ്റിങില്‍ ആകെ 38 കേസുകളാണ് പരിഗണിച്ചത്. 17 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു.

RELATED STORIES

Share it
Top