ശബ്ദലോകത്തെ നവാഗതര്‍ക്കും ജിഎസ്ടിയോട് പരിഭവം

കോഴിക്കോട്: യന്ത്ര സഹായത്തോടെ ശബ്ദലോകത്തെത്തിയ കുരുന്നുകള്‍ക്ക് ജിഎസ്ടിയോട് പരിഭവം.  ചെവിയില്‍ ഘടിപ്പിച്ച ശ്രവണസഹായ യന്ത്രം കളിക്കൂട്ടുകാര്‍ കൗതുകത്തോടെ തൊട്ടുനോക്കുമ്പോള്‍ ഈ കുഞ്ഞു മനസ്സുകളില്‍ അശ്ശേഷം വിഷമം തോന്നാറില്ല. പക്ഷേ, തങ്ങള്‍ക്ക് കേള്‍ക്കാനാവാതിരുന്ന മാതൃത്വത്തിന്റെ താരാട്ടുപാട്ടും മറ്റു മനോഹര ശബ്ദങ്ങളും ഇന്ന് തങ്ങളുടേത് കൂടിയാക്കി മാറ്റിയ യന്ത്രത്തിന് പോലും ജിഎസ്ടി ഏര്‍പ്പെടുത്തിയതിനാല്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പ്രയാസം അവരില്‍നിന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ആ കുരുന്ന് മനസ്സുകള്‍ നോവുകയാണ്. കോക്ലിയാര്‍ ഇംപ്ലാന്റീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ യന്ത്ര സഹായത്തോടെ ശ്രവണശേഷി നേടിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ചടങ്ങാണ് ശബ്ദലോകത്തെ നവാഗതര്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേര്‍സാക്ഷ്യമായി മാറിയത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കൊപ്പം ഭരണകൂടവും ജിഎസ്ടിയെന്ന പേരില്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന അഭിപ്രായമായിരുന്നു കുട്ടികളുടെ കൂടെയെത്തിയ രക്ഷിതാക്കള്‍ക്ക്. യന്ത്രത്തില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് ജിഎസ്ടിയിലെ 28 ശതമാനം പരിധിയില്‍പ്പെടുത്തിയാണ് നികുതി ചുമത്തിയിരിക്കുന്നത്. മുമ്പ് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് അഞ്ച് ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. പത്ത് ലക്ഷം രൂപ വരെ മുടക്കിയാണ് സ്വകാര്യ ആശുപത്രികളില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്യുന്നത്. പരമാവധി പത്ത് വര്‍ഷം വരെയേ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ. അതിനാല്‍ തങ്ങളുടെ കുരുന്നുകള്‍ക്ക് ശബ്ദലോകം അനുഭവവേദ്യമാക്കാന്‍ വന്‍ തുക വീണ്ടും മുടക്കേണ്ട നിസ്സഹായാവസ്ഥയിലാണ് രക്ഷിതാക്കള്‍. ഉപകരണങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top