ശബ്ദം നഷ്ടപ്പെട്ട ട്രേഡ് യൂനിയനുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അടിയറ വയ്ക്കുന്നു: അഡ്വ. എ എ റഹീം

കോഴിക്കോട്: സാമ്പ്രദായിക തൊഴിലാളി യൂനിയനുകള്‍ ശബ്ദം നഷ്ടപ്പെട്ട് അണികളെ ഒറ്റിക്കൊടുക്കുകയും അടിയറവെക്കുകയും ചെയ്യുകയാണെന്ന് എസ്ഡിടിയു സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം . എസ്ഡിടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെയ്ദിന റാലിയുടെ സമാപന സമ്മേളനം വടകര കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് തൊഴിലാളിവര്‍ഗം നേടിയെടുത്തത്. ഭരണകൂടങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായ് കവര്‍ന്നെടുത്ത് സ്ഥിരജോലിക്കാരനാവാനുള്ള അടിസ്ഥാന അവകാശം പോലും ഇല്ലാതാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് അഞ്ചിന് വടകര പുതിയബസ്റ്റാന്റ് പരിസരത്ത് നിന്നുമാരംഭിച്ച റാലിക്ക് എ ടി കെ അഷ്‌റഫ്, മുഹമ്മദ് വില്യാപ്പള്ളി, മൊയ്തീന്‍ പേരാമ്പ്ര, ഷറഫുദ്ദീന്‍ വെള്ളയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, മുസ്തഫ കൊമ്മേരി, സലീം കാരാടി, റസാഖ് മാക്കൂല്‍, സവാദ് വടകര, വാഹിദ് ചെറുവറ്റ, സിദ്ധീഖ് ഈര്‍പ്പോണ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top