ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയില്‍- കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ല. സുപ്രിംകോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ട്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്നു ചേരും. എന്നാല്‍, സാഹചര്യം സുപ്രിംകോടതിയെ ധരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എന്തൊക്കെ കാര്യങ്ങള്‍ അതില്‍ പരാമര്‍ശിക്കണമെന്ന കാര്യത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമുണ്ട്. കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുന്ന വാക്കുകളോ വാചകങ്ങളോ റിപോര്‍ട്ടില്‍ ഉണ്ടാവാന്‍ പാടില്ല.
റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ കേസില്‍ മൂന്നാം കക്ഷിയായി ദേവസ്വം ബോര്‍ഡ് പിന്തള്ളപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യവും ചര്‍ച്ച ചെയ്യും. മണ്ഡല മകരവിളക്ക് കാലം ഉയര്‍ത്തുന്ന വെല്ലുവിളുകളും അതിനു സ്വീകരിക്കേണ്ട സമീപനങ്ങളും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാവും.

RELATED STORIES

Share it
Top