ശബരിമല സ്ത്രീ പ്രവേശനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബുഹുജന കൂട്ടായ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍നിര്‍ത്തി ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ നേരിടാനൊരുങ്ങി എല്‍ഡിഎഫ്. വിഷയത്തില്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാടുകള്‍ വിശദീകരിച്ച് ബഹുജനകൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഈ മാസം 30നകം ജില്ലാ ആസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തും.
16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി വിശദീകരണ യോഗത്തിനെത്തും. എല്‍ഡിഎഫ് ജില്ലാ സമിതികള്‍ ചേര്‍ന്ന് പഞ്ചായത്തുതലം വരെയുള്ള വിശദീകരണയോഗങ്ങള്‍ നടത്തും. കോടതിവിധിയുടെ മറവില്‍ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പമുണ്ടാക്കാനാണ് യുഡിഎഫും സംഘപരിവാറും ശ്രമിക്കുന്നതെന്നു യോഗം വിലയിരുത്തി. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വിശദമായ ലഘുലേഖകള്‍ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എസ്എന്‍ഡിപി പോലുള്ള സംഘടനകളെ ഒപ്പം കൂട്ടുന്ന കാര്യം പരിശോധിക്കും. ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസ്സും ഒന്നിച്ചാണ് സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top