ശബരിമല സ്ത്രീ പ്രവേശനം പ്രക്ഷോഭം തെരുവിലേക്ക്; പ്രതിഷേധ സമരത്തില്‍ ആയിരങ്ങള്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരേ ഹിന്ദുസംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം ശക്തം. സുപ്രിംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്നലെ നാമജപ ഘോഷയാത്രകളും റോഡുപരോധവും അരങ്ങേറി.
സംസ്ഥാനത്തെ 100ഓളം കേന്ദ്രങ്ങളിലാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന സമരം പലയിടത്തും വലിയ ഗതാഗതക്കുരുക്കിനിടയാക്കി. അതേസമയം വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. തലസ്ഥാനത്തെ 14 ഇടങ്ങളില്‍ നടന്ന റോഡ് ഉപരോധം ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കൊച്ചി വൈറ്റില ജങ്ഷനിലെ ഉപരോധത്തിന് നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഉപരോധത്തില്‍ ഇടപ്പള്ളി-ആലപ്പുഴ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കൊച്ചിയിലെ കലൂരിലെ പ്രതിഷേധവും ഗതാഗതം താറുമാറാക്കി.
കോട്ടയം ജില്ലയിലെ അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലാണ് ഉപരോധസമരം നടന്നത്. ആലപ്പുഴയില്‍ എസി റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഇടുക്കിയില്‍ 10 കേന്ദ്രങ്ങളാണ് സമരക്കാര്‍ ഉപരോധിച്ചത്. തൃശൂരില്‍ സ്വരാജ് റൗണ്ട്, കുന്നംകുളം, വടക്കാഞ്ചേരി, ആമ്പല്ലൂര്‍, ചാവക്കാട് തുടങ്ങി ഒമ്പത് കേന്ദ്രങ്ങളിലാണ് ഉപരോധം അരങ്ങേറിയത്.
പാലക്കാട് 17 കേന്ദ്രങ്ങളിലും വയനാട് ജില്ലയില്‍ ബത്തേരിയിലും കല്‍പറ്റയിലും റോഡ് ഉപരോധിച്ചു. കോഴിക്കോട് പാളയംകോടും പന്തീരാങ്കാവിലുമായി നടന്ന പ്രതിഷേധങ്ങളില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര തുടങ്ങിയ പത്തിടങ്ങളിലും ഇതേസമയം ഉപരോധസമരം നടന്നു. കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ 50ഓളം പേര്‍ മുക്കാമണിക്കൂറോളം റോഡ് ഉപരോധിച്ചു. കാസര്‍കോട് ബിജെപി ദേശീയപാത ഉപരോധിച്ചു. മലപ്പുറം ജില്ലയില്‍ മലപ്പുറം ടൗണ്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍ ഉള്‍പ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധിച്ചത്. ആലുവയില്‍ ഗതാഗതം തടഞ്ഞുള്ള സമരത്തിനെതിരേ പ്രതിഷേധിച്ച യുവാവിനെ സമരക്കാര്‍ ആക്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
പോലിസെത്തിയാണ് അക്രമികളില്‍നിന്നു യുവാവിനെ രക്ഷിച്ചത്. സംഭവത്തില്‍ കണ്ടാലാറിയാവുന്ന അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. പന്തളം നഗരസഭാ കാര്യലയത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. അതേസമയം മന്ത്രി കടകംപള്ളിയെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കഴക്കൂട്ടത്തുവച്ച് കരിങ്കൊടികാട്ടി. സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍, അയ്യപ്പ വിശ്വാസികള്‍, മാതൃസമിതികള്‍, ഗുരുസ്വാമികള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന പന്തളം-അനന്തപുരി ലോങ്മാര്‍ച്ച് ഇന്ന് തുടങ്ങും.

RELATED STORIES

Share it
Top