ശബരിമല സ്ത്രീ പ്രവേശനം: 'കേരളത്തില്‍ സംഘര്‍ഷം വളര്‍ത്തി ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു'

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രമ്യമായ പരിഹാരമാര്‍ഗം തേടാനല്ല, മറിച്ച് അതിന്റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അമിതാവേശപ്രകടനമാണ് അമിത് ഷായുടേതെന്ന് വി എം സുധീരന്‍.
മോദി സര്‍ക്കാര്‍ വേണമെന്ന് വിചാരിച്ചാല്‍ ഈ പ്രശ്‌നത്തില്‍ വളരെ എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാനാവുമെന്ന് ഏവര്‍ക്കുമറിയാം. പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രിംകോടതി വിധിക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ അതുപോലെ ചെയ്യുന്നില്ല. അവിടെയാണ് അമിത്ഷായുടെയും ബിജെപി നേതൃത്വത്തിന്റെയും ഇരട്ടത്താപ്പ് വ്യക്തമാവുന്നത്.
ഒരു ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാനാവുന്ന പ്രശ്‌നം അതിസങ്കീര്‍ണവും സംഘര്‍ഷമയവുമാക്കി കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ഗൂഢനീക്കം ജനങ്ങള്‍ക്ക് മനസ്സിലാക്കാനാവും. രമ്യമായ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ കേരളത്തില്‍ വന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന വീരസ്യവുമായി മുന്നോട്ടുവന്ന അമിത്ഷായുടെ ലക്ഷ്യം കുളംകലക്കി മീന്‍പിടിക്കലാണ്. സുപ്രിംകോടതിയുടെ നിരവധി വിധികള്‍ നടപ്പാക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ശബരിമല വിധി നടപ്പാക്കാനുള്ള അമിത വ്യഗ്രത എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണ്.
വ്യാപകമായ അറസ്റ്റ് ഉള്‍പ്പെടെ തെറ്റായ നടപടിയിലൂടെ ജനരോഷത്തിനിരയായ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും കൂടുതല്‍ ഇന്ധനം പകരുന്ന നടപടിയാണ് അമിത്ഷായുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പരസ്യമായി പരസ്പരം പോര്‍വിളിക്കുന്നതായി ഭാവിക്കുക, ആ നിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നാല്‍ ഒത്തുകളിയിലൂടെ പരസ്പരം സഹായികളായി പ്രവര്‍ത്തിക്കുക. ഇതാണ് സിപിഎം-ബിജെപി നേതൃത്വങ്ങള്‍ ചെയ്തുവരുന്നത്. രാഷ്ട്രീയക്കളികളെല്ലാം മാറ്റിവച്ച് കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അനുയോജ്യമായ സര്‍വ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top