ശബരിമല സ്ത്രീ പ്രവേശനം; കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം: പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാമെന്ന് ഉറപ്പു നല്‍കിയ സംസ്ഥാന സര്‍ക്കാരിനു പുനപ്പരിശോധനാ ഹരജി നല്‍കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ മറവില്‍ നാടിന്റെ ഒരുമ തകര്‍ക്കാനും കേരളത്തില്‍ കലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ലെന്നും എന്നാല്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തുല്യനീതിയും അവസരവും നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയാണു സര്‍ക്കാര്‍ നയം. ഇത് ഇനിയും തുടരും. വിധിക്ക് പിന്നില്‍ ഇടതു സര്‍ക്കാര്‍ നിലപാടല്ല. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. 1990ല്‍ ഹൈക്കോടതി ജഡ്ജിക്ക് ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വീകരിച്ച പൊതുതാല്‍പര്യ ഹരജിയാണു പിന്നീടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ശബരിമലയിലെ ആചാരങ്ങളില്‍ വന്ന മാറ്റവും സുപ്രിംകോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. 20 വര്‍ഷത്തോളം സ്ത്രീകള്‍ പ്രതിമാസ പൂജാ സമയത്ത് ശബരിമലയില്‍ എത്തിയിരുന്നുവെന്നും വ്യക്തമാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മണ്ഡല-മകരവിളക്ക് കാലത്തും വിഷുക്കാലത്തും നിരോധിച്ചു കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചുണ്ടെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 1991ലെ ഹൈക്കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനത്തിന് അറുതിവരുത്തുകയാണു ചെയ്തത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇടതു സര്‍ക്കാരുകള്‍ വിധിക്കു വിരുദ്ധമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. 2006ലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് റിട്ട് ഹരജിയായി സുപ്രിംകോടതിയില്‍ എത്തി.
കോടതി ആവശ്യപ്പെട്ട പ്രകാരം വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരും തുടര്‍ന്നു യുഡിഎഫ് സര്‍ക്കാരും നിലപാടു വ്യക്തമാക്കി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചു. വി എസ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വി എസ് സര്‍ക്കാരിന്റെ സത്യവാങ്മൂലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. സമൂഹികനീതി ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ നയം. അതുകൊണ്ടു സ്ത്രീ പ്രവേശനത്തിന് എതിരല്ല. പുനപ്പരിശോധനാ ഹരജി നല്‍കിയാല്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമാവും.
അതു കൊണ്ടാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരട്ടത്താപ്പ് നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപിയെ നയിക്കുന്ന ആര്‍എസ്എസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്ന കാര്യമാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് വിധിക്കെതിരായി രംഗത്തിറങ്ങുകയും തെരുവുകളില്‍ കലാപം സൃഷ്ടിക്കുന്നതിനും തയ്യാറായിട്ടുള്ളത്. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി ക്ഷണിച്ചിട്ടും ചര്‍ച്ചയ്ക്കില്ലെന്ന ശബരിമല തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈക്കാര്യത്തില്‍ ശരിയും തെറ്റും അവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

RELATED STORIES

Share it
Top