ശബരിമല സ്ത്രീപ്രവേശനം: വിധി ഇന്ന്‌

ന്യൂഡല്‍ഹി: പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് രാവിലെ 10.30ന് വിധി പറയുക.
സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹരജി നല്‍കിയത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ലെന്നു വ്യക്തമാക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
2006ല്‍ സുപ്രിംകോടതിയിലെത്തിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തുടക്കത്തില്‍ വാദം കേട്ടത്. തുടര്‍ന്ന് അഞ്ചു പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

RELATED STORIES

Share it
Top