ശബരിമല സ്ത്രീപ്രവേശനം: അനുകൂലിച്ച് സര്‍ക്കാര്‍: എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്‌

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദെമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേതിനു വിരുദ്ധമായി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ ദേവസ്വംബോര്‍ഡ് എതിര്‍ത്തു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കുന്നതിനിടെയാണു സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും പരസ്പരവിരുദ്ധമായി നിലപാട് സ്വീകരിച്ചത്. കേസില്‍ മൂന്നാംദിവസമായ ഇന്നലെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനും ദേവസ്വംബോര്‍ഡും സംസ്ഥാനസര്‍ക്കാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദങ്ങള്‍ നിരത്തി.
ആര്‍ത്തവ—കാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കു കഴിയില്ലെന്നു ദേവസ്വംബോര്‍ഡിനു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അബിഷേക് മനു സിങ്‌വി വാദിച്ചു. 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ഇതു വിവേചനമല്ല, വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ തുടര്‍ന്നുപോരുന്നതാണെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, ഇതിനെ എതിര്‍ത്ത ചീഫ് ജസ്റ്റിസ്, അസാധ്യമായ വ്യവസ്ഥ സ്ത്രീകള്‍ക്കു മേല്‍ കൊണ്ടുവരുന്നത് എന്തിനാണെന്നു ചോദിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് മുമ്പ് 41 ദിവസത്തെ വ്രതം വേണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് പ്രായോഗികമല്ല. ഇത്തരം വ്യവസ്ഥകള്‍ മൂലം സ്ത്രീകള്‍ക്ക് പരോക്ഷ നീതിനിഷേധമല്ലേ ഉണ്ടാവുന്നത്? 10 മുതല്‍ 50വരെ എന്ന പ്രായം എങ്ങിനെ ഉപാധിവയ്ക്കാനാവും. ചിലര്‍ക്ക് 45 വയസ്സില്‍ തന്നെ ആര്‍ത്തവം നിലയ്ക്കും.
ചിലര്‍ക്ക് 50 വയസ്സിനു ശേഷവും ആര്‍ത്തവമുണ്ടാവും. 10 വയസ്സ് ആയിട്ടും ആര്‍ത്തവം തുടങ്ങാത്തവരും ഉണ്ടാവും. അതിനാല്‍ പ്രായത്തിന്റെ ഈ പരിധി എങ്ങിനെ നീതിയുക്തമാവുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

RELATED STORIES

Share it
Top