ശബരിമല സംരക്ഷണ യാത്രയുമായി ബിജെപി

കൊച്ചി/പാലക്കാട്/കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎയുടെ നേതൃത്വത്തില്‍ 10 മുതല്‍ 15 വരെ ശബരിമല സംരക്ഷണ യാത്ര സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായും ശ്രീധരന്‍പിള്ള അറിയിച്ചു.
ശബരിമല വിഷയം സമവായത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണു സ്വീകരിക്കുന്നത്. യുഡിഎഫ് ആത്മാര്‍ഥത തെളിയിക്കണം. വിധിക്കെതിരേ നേരിട്ട് ബിജെപി പുനപ്പരിശോധനാ ഹരജി നല്‍കില്ല. പരിവാര സംഘടനകളായ ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പസേവാ സംഘം എന്നിവ നല്‍കുന്ന ഹരജികളില്‍ നിയമപരമായ പിന്തുണ നല്‍കും. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ യാത്ര 10ന് രാവിലെ പന്തളത്ത് നിന്നു കാല്‍നടയായി വിവിധ ജില്ലകളില്‍ പര്യടനം നടത്തി 15ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് മാര്‍ച്ചോടെ സമാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, വിഷയത്തില്‍ ദക്ഷിണ ഭാരതത്തില്‍ വമ്പന്‍ പ്രക്ഷോഭം നടത്തുമെന്നു സംഘപരിവാര സംഘടനകള്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു നേതൃ സമ്മേളനത്തിലാണു സംഘടന നിലപാട് വ്യക്തമാക്കിയത്. നവരാത്രിയോടു കൂടി ദക്ഷിണ ഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കു തുടക്കംകുറിക്കുമെന്നും സംഘടന അറിയിച്ചു. അതേസമയം, വിധിയില്‍ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ യുവമോര്‍ച്ച,ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പാലക്കാട, എലപ്പുള്ളി എന്നിവിടങ്ങളില്‍ യുവമോര്‍ച്ചയും പട്ടാമ്പിയില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു കരിങ്കൊടി വീശിയത്.
സുപ്രിംകോടതി വിധിയുടെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ ചെറുക്കുന്നതിനു ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായുള്ള ഗൂഢാലോചനയുടെ ഫലമാണ്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല മലിനമാവുമെന്നു പറയുന്നവര്‍ സ്ത്രീകളെ മാലിന്യമായാണോ കാണുന്നതെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും ആര്‍എംപിഐ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top