ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്നും അവരെ തടയില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു.
ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്‍കി. ചേര്‍ത്തലയില്‍ ചേ ര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്നതിനാല്‍ കോടതിവിധി അപ്രസക്തമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അപ്രസക്തമായ വിധിയുടെ പേരില്‍ തെരുവില്‍ നടത്തുന്ന സമരം നാട്ടില്‍ കലാപം സൃഷ്ടിക്കാനേ ഇടയാക്കൂ. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതു തടയില്ല. ശബരിമല വിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് യൂനിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം വിളിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. സര്‍ക്കാര്‍ സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്.

RELATED STORIES

Share it
Top