ശബരിമല വിഷയത്തില്‍ ഉരുണ്ടുകളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഉരുണ്ടുകളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി മാനിക്കുന്നതിനൊപ്പം പാരമ്പര്യത്തെയും ആചാരങ്ങളെയും ബഹുമാനിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ ആനന്ദ് ശര്‍മ എംപി പ്രതികരിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനാവാതെ ആനന്ദ് ശര്‍മ ഒഴിഞ്ഞുമാറിയത്.
സുപ്രിംകോടതി വിധി കേന്ദ്ര നേതൃത്വം അംഗീകരിക്കുമ്പോള്‍ സംസ്ഥാന ഘടകം സമരത്തിനിറങ്ങിയത് ചൂണ്ടിക്കാണിച്ചപ്പോഴും ആനന്ദ് ശര്‍മയ്ക്ക് മറുപടിയില്ലായിരുന്നു. സുപ്രിംകോടതി വിധിയാണോ മതപരമായ സവിശേഷതയാണോ കോണ്‍ഗ്രസ് അംഗീകരിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകവുമായി അഭിപ്രായവ്യത്യാസമില്ല. ശബരിമല വിവാദത്തെ രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നു. അത് ആരോഗ്യകരമായി അവസാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ കെപിസിസിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത്. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും എന്ത് നിലപാട് എടുക്കണമെന്ന് പ്രതിപക്ഷം പറയേണ്ട കാര്യമില്ല. സുപ്രിംകോടതി വിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ വൈവിധ്യവും മതേതരത്വത്തെയും അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി തങ്ങളുടെ വിധികളില്‍ പുനര്‍വിചിന്തനം നടത്തിയ സംഭവങ്ങളേറെയുണ്ട്. ശബരിമല വിഷയത്തില്‍ പുനപ്പരിശോധനാ ഹരജിക്കുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പാണ് നടത്തുന്നത്. നുണയും പ്രചരിപ്പിക്കുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയില്ല. വരുമെന്നു പറഞ്ഞ അച്ഛേ ദിന്‍ രാജ്യത്തെ കര്‍ഷകര്‍ക്കോ യുവാക്കള്‍ക്കോ സ്ത്രീകള്‍ക്കോ ചെറുകിട വ്യവസായികള്‍ക്കോ കാണാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിവിരുദ്ധനെന്ന പ്രതിച്ഛായ നിര്‍മിക്കുന്നതിനൊപ്പം റഫേല്‍ പോലുള്ള കോടികളുടെ ഇടപാടിന് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നു. 2019 തിരഞ്ഞെടുപ്പ് പ്രത്യയശാസ്ത്ര പോരാട്ടം കൂടിയാണ്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്നത് രാജ്യത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നേ കോണ്‍ഗ്രസ്സിനു സഖ്യകക്ഷികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി സി ചാക്കോ, എറണാകുളം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top