ശബരിമല: വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം. സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ശ്ലാഘനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വനിതാപ്രവേശനം എതിര്‍ത്ത് പ്രക്ഷോഭം നടത്തുന്ന വിഭാഗങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. നിലവിലെ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍, ഹൈന്ദവ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരേയാക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാരവും കോണ്‍ഗ്രസും നടത്തിവരുന്നത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും ആഭിമുഖ്യത്തില്‍ പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. കൂടുതല്‍ ജില്ലകളില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി കാല്‍നടജാഥകള്‍ നടത്തും. മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും ജാഥയില്‍ പങ്കെടുക്കും. ഗൃഹസമ്പര്‍ക്ക പരിപാടി, കുടുംബയോഗങ്ങള്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

RELATED STORIES

Share it
Top