ശബരിമല വനമേഖലയിലെ ആദിവാസികളുടെ ജീവിതം മൃഗതുല്യം;മുഴുവന്‍ കുടുംബങ്ങളെയും ദത്തെടുക്കും: സിപിഎംപത്തനംതിട്ട: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ശബരിമല വനമേഖലയില്‍ മൃഗതുല്യരായി ആദിവാസികള്‍ കഴിയുന്നതായി സിപിഎം സര്‍വേ. റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം നടത്തിയ സര്‍വേയുടെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറി മാറി വന്ന സര്‍ക്കാരുകളും ചിറ്റാര്‍-സീതത്തോട് ഗ്രാമപഞ്ചായത്തുകളും ജില്ലാ ട്രൈബല്‍ ഓഫീസും നടപ്പിലാക്കിയ പദ്ധതികള്‍ ആദിവാസികളിലെത്തുന്നില്ലെന്ന വിവിധ സംഘടനകളുടെ ആക്ഷേപം ഇതോടെ ബലപ്പടുകയാണ്.
ആദിവാസികള്‍ക്കായി വിവിധ കാലഘട്ടങ്ങളിലായി അനുവദിക്കുന്ന ഫണ്ടില്‍ ചോര്‍ച്ചയുണ്ടാവുന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപമുണ്ടെന്നും നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ ശബരിമല വനമേഖല ഉള്‍പ്പെടുന്ന സീതത്തോട്, പെരുനാട് ഗ്രാമപഞ്ചായത്തുകള്‍ ഏറെക്കാലമായി ഭരിക്കുന്ന സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
മാര്‍ച്ച് മാസം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റാന്നി താലൂക്കിലെ ശബരിമല കാടുകളില്‍ താമസിക്കുന്ന വനവാസികളായ 224 ആദിവാസികളെയാണ്  ജൂണ്‍ മാസം മുതല്‍ സിപിഎം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണകിറ്റുകള്‍, വസ്ത്രങ്ങള്‍, പോഷകാഹാരങ്ങള്‍ എന്നിവയും, എല്ലാ  മാസവും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും.
തുടര്‍ന്ന് രണ്ടാം ഘട്ടമായി വനവാസികളായ കുട്ടികളുടെ പഠനം ഏറ്റെടുക്കും.  സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പെടുത്തി വീടും വസ്തുവും ഉറപ്പു വരുത്തും. രണ്ടു സെക്ടറുകളായി തിരിച്ചാണ് ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ ഈ കുടുംബങ്ങളെ ദത്തെടുക്കുന്നത്. സെക്ടര്‍ ഒന്നില്‍പ്പെടുന്ന ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കല്‍, ളാഹ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലെ 89 പേരെ ചുവടെ പറയുന്ന പ്രകാരം ദത്തെടുക്കും. ജൂണ്‍ മാസം-പെരുനാട്, ജൂലൈ-നാറാണംമൂഴി, ആഗസ്ത്-പമ്പാവാലി, സെപ്തംബര്‍-വെച്ചൂച്ചിറ, ഒക്‌ടോബര്‍-കൊല്ലമുള, നവംബര്‍-മന്ദമരുതി, ഡിസംബര്‍-വലിയകുളം. സെക്ടര്‍ രണ്ടില്‍പ്പെടുന്ന ഗുരുനാഥന്‍മണ്ണ്, മൂഴിയാര്‍, ഗവി വനപ്രദേശങ്ങളിലെ 135 വനവാസികളെ ജൂണ്‍ മാസം സീതത്തോട്, ജൂലൈ-ചിറ്റാര്‍, ആഗസ്ത്-വടശ്ശേരിക്കര, സെപ്തംബര്‍-റാന്നി, ഒക്‌ടോബര്‍-പഴവങ്ങാടി, നവംബര്‍-അങ്ങാടി, ഡിസംബര്‍- സീതത്തോട് ലോക്കല്‍ കമ്മിറ്റികളും ദത്തെടുക്കും.
പരിപാടി  27ന് പകല്‍ 11ന് ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ ജെ തോമസ് ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ റാന്നി ഏരിയ സെക്രട്ടറി റോഷന്‍ റോയി മാത്യൂ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് ഹരിദാസ്, കോമളം അനിരുദ്ധന്‍, ഏരിയ കമ്മിറ്റിയംഗം പി ആര്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top