ശബരിമല വനത്തിലെ ആദിവാസികളെ സിപിഐ എം ദത്തെടുത്തുചാലക്കയം: ശബരിമല ഉള്‍വനങ്ങളില്‍ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ സിപിഐ എം റാന്നി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദത്തെടുത്തു. ചാലക്കയം ആദിവാസി ഊരില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഇത്രയും കുടുംബങ്ങള്‍ക്കുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, വസ്ത്രം, പുതപ്പ്, എല്‍ഇഡി വിളക്കുകള്‍ എന്നിവ നല്‍കി. ഇതിന്റെ ഉദ്ഘാടനം കോടിയേരി നിര്‍വഹിച്ചു. വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ നല്‍കാന്‍ വേണ്ടത് ചെയ്യുമെന്ന് കോടിയേരി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനസമൂഹത്തിലെ കുറച്ചുപേരെയെങ്കിലും സംരക്ഷിക്കുക എന്നത് അഭിമാനകരമാണ് . ഇത് ഒരുദിവസംകൊണ്ട് നടത്തേണ്ടതല്ല. ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതാണ്. എല്ലാ ആദിവാസി കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ കഴിയണം.
കുട്ടികള്‍ക്ക് പുസ്തകം നല്‍കാനും യൂണിഫോം നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുണ്ട്. ആരോഗ്യപൂര്‍ണമായ, വിദ്യാസമ്പന്നരായ തലമുറ വളര്‍ന്നുവരണം. മുതിര്‍ന്ന ആളുകളെ സാക്ഷരരാക്കാന്‍ സാക്ഷരതാമിഷന്റെ സഹായംനേടാം- അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ രാജു ഏബ്രഹാം എംഎല്‍എ, പ്രൊഫ. ടി കെ ജി നായര്‍, എ പത്മകുമാര്‍, ആര്‍ സനല്‍കുമാര്‍, പി എസ് മോഹനന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ മത്തായി ചാക്കോ, എസ് ഹരിദാസ്, കോമളം അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി റോഷന്‍ റോയി മാത്യു സ്വാഗതംപറഞ്ഞു. ചടങ്ങിനുശേഷം ആദിവാസിക്കുടിയിലെ വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
ഓരോ മാസം ഓരോ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം ചികിത്സ എന്നിവ നല്‍കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. വനത്തിലെ വീടുകളിലെത്തി സഹായം നല്‍കും. പാര്‍ട്ടി ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ സംഘം എല്ലാ മാസവും പരിശോധന നടത്തും. കുട്ടികളുടെ വിദ്യാഭ്യാസമാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞവര്‍ഷം 24 കുട്ടികള്‍ മാത്രം വിദ്യാലയങ്ങളില്‍ പോയ സ്ഥാനത്ത് സിപിഐ എം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി 72 കുട്ടികളെ എല്‍പി സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു.

[related]

RELATED STORIES

Share it
Top