ശബരിമല ലെയ്‌സണ്‍ ഓഫിസറെ ഒഴിവാക്കി; സ്ഥാനം തെറിപ്പിച്ചത് തീവ്രഹിന്ദുത്വ നിലപാടുകള്‍

പത്തനംതിട്ട: ശബരിമല ലെയ്‌സണ്‍ ഓഫിസറായിരുന്ന വി കെ രാജഗോപാലിന്റെ സ്ഥാനം തെറിച്ചതിനു പിന്നില്‍ സംഘപരിവാര അനുഭാവവും തീവ്രഹിന്ദുത്വ നിലപാടുകളും.
റമദാനില്‍ ഇസ്്‌ലാം വിശ്വാസികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യഥാസമയം നോമ്പു തുറക്കാന്‍ കഴിയുന്ന തരത്തില്‍ ജോലിസമയം ക്രമീകരിക്കണമെന്ന സര്‍ക്കുലറിനെതിരേ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രതികരണവുമായി രാജഗോപാല്‍ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ നിങ്ങള്‍ കണ്ണുതുറന്നു കാണൂ, ഓണത്തിനോ, വിഷുവിനോ, ദീപാവലിക്കോ, മണ്ഡലകാലത്തോ നിങ്ങള്‍ക്ക് ഇങ്ങനെയൊരു ഇളവു ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു രാജഗോപാല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മാത്രമല്ല, ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്ത് പൂക്കളം ഇടുന്നതിനെതിരായി മുഖ്യമന്ത്രി പിണറായി നടത്തിയ പരാമര്‍ശത്തേയും ഇതോടൊപ്പം അദ്ദേഹം പരിഹസിച്ചിരുന്നു. മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സര്‍ക്കാരിനെതിരേ രാജഗോപാല്‍ പോസ്റ്റിട്ടതും വിനയായി. ലെയ്‌സണ്‍ ഓഫിസറുടെ വര്‍ഗീയമുഖം വെളിവായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും മറ്റും ശക്തമായ സമ്മര്‍ദം ഉയര്‍ന്നതോടെയാണ് സ്ഥാനത്തുനിന്നും നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 16നാണ് രാജഗോപാലിനെ ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചത്. എന്നാല്‍, ഇദ്ദേഹം സംഘപരിവാര്‍ അനുഭാവിയാണെന്നും മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടയാളാണെന്നും ഉള്‍പ്പടെയുള്ള പരാതികളാണ് പിന്നിടുള്ള ദിവസങ്ങളില്‍ ദേവസ്വം മന്ത്രിക്ക് ലഭിച്ചത്.ഗ്രാമസേവകന്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച റാന്നി സ്വദേശിയായ രാജഗോപാലന്‍ നായര്‍ അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയുമാണ്. കടുത്ത ബിജെപി- ആര്‍എസ്എസ് അനുഭാവിയാണ്.
ശബരിമലയില്‍ വിഐപികളെ സ്വീകരിക്കാനാണ് ലെയ്‌സണ്‍ ഓഫിസറെ നിയമിച്ചത്. വ്യാപകമായി കെക്കൂലി വാങ്ങുന്നുവെന്നു പരാതി ഉയര്‍ന്നപ്പോഴാണ് ഈ തസ്തിക നിര്‍ത്തിയത്. ഈ തസ്തിക വീണ്ടും സൃഷ്ടിച്ചത് വ്യാപകമായ അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടി മാത്രമാണെന്നു ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തസ്തിക അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ചമാത്രം നീണ്ടുനിന്ന രാജഗോപാലിന്റെ നിയമനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

RELATED STORIES

Share it
Top