ശബരിമല: രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി നീക്കം

ആബിദ്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിക്ക് ഹൈന്ദവ വിശ്വാസി സമൂഹം പൊതുവെ എതിരാണെന്നു കണ്ടതോടെ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി നാളെ മുതല്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാനെന്ന പേരില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനും പാര്‍ട്ടി തീരുമാനമെടുത്തുകഴിഞ്ഞു. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ അനുകൂലിച്ച് ആര്‍എസ്എസ് പ്രസ്താവന ഇറക്കുകയും പൊതുവെ സ്ത്രീസമൂഹം വിധിയെ അനുകൂലിക്കുമെന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്തിരുന്നതിനാല്‍ വിധിക്കെതിരേ ബിജെപി ഇതുവരെ രംഗത്തുവന്നിരുന്നില്ല. വിധിക്കെതിരായ നിലപാടെടുക്കുന്നത് പൊതുസമൂഹത്തിന്റെ എതിര്‍പ്പിനു കാരണമാവുമെന്നും പാര്‍ട്ടി ഭയന്നു. ഇതോടെ പ്രമുഖ നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു രംഗത്തുവരുകയും ചെയ്തു.
എന്നാല്‍, അണികള്‍ക്കിടയില്‍ നിന്ന് വ്യാപകമായ എതിര്‍പ്പുയരുകയും കോണ്‍ഗ്രസ് വിധിക്കെതിരേ പരസ്യ നിലപാടെടുക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടി പുതിയ നിലപാടുമായി രംഗത്തുവന്നത്. മഹിളാ മോര്‍ച്ചയും വിശ്വഹിന്ദുപരിഷത്തും ഹിന്ദു ഐക്യവേദിയും ശിവസേനയും വിധിക്കെതിരേ നേരത്തേ തന്നെ നിലപാടെടുത്തിരുന്നു. കോടതിവിധി തള്ളിയും ബ്രഹ്മചര്യയുടെ പ്രതിഷ്ഠയായ ശബരിമലയുടെ പവിത്രത നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയതിനാലാണ് ഈ നിലയ്ക്ക് സുപ്രിംകോടതി വിധി പുറപ്പെടുവിക്കാന്‍ കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപി മുന്‍ നിലപാട് തിരുത്തി സമരാഹ്വാനം നടത്തിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കമാണ് ബിജെപി നടത്തുന്നത്.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി മാനിക്കുന്നുവെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് എതിരാവും ബിജെപിയുടെ പുതിയ നയംമാറ്റം. വിധി മാനിക്കുന്നുവെന്നും സ്ത്രീ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ആര്‍എസ്എസ് സര്‍ കാര്യവാഹ് നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നതായും ജാതി-ലിംഗ ഭേദമെന്യേ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്നുമായിരുന്നു പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ വിധിയോട് ആദ്യം പ്രതികരിച്ചിരുന്നത്.
അതേസമയം ഇന്നലെ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ ജീവന്‍മരണപോരാട്ടത്തിനിറങ്ങുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

RELATED STORIES

Share it
Top