ശബരിമല: രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി. കൊച്ചി ബോട്ട്‌ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സെക്ഷനിലെ ജീവനക്കാരിയായ രഹ്‌ന ഫാത്തിമയെ ഈ വിഭാഗത്തില്‍ നിന്നാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് രഹ്‌ന ഫാത്തിമ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയെങ്കിലും സമരം നടത്തിവന്നിരുന്ന വിശ്വാസികള്‍ ഇവരെ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന്, രഹ്‌ന ദര്‍ശനം നടത്താതെ മടങ്ങിപ്പോരുകയായിരുന്നു.
കൊച്ചിയിലെ രഹ്‌നയുടെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. സംഭവം വിവാദമായതോടെ രഹ്‌ന ബിഎസ്എന്‍എല്‍ ഡ്യൂട്ടിയുടെ ഭാഗമായിട്ടല്ല ശബരിമലയിലെത്തിയതെന്നു വ്യക്തമാക്കി ബിഎസ്എന്‍എല്‍ അധികൃതര്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രഹ്‌നയെ സ്ഥലംമാറ്റിയിരിക്കുന്നത്. അതേസമയം, അഞ്ചു വര്‍ഷം മുമ്പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നുവെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടെന്ന് ഓഡര്‍ ആയെന്നും രഹ്‌ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
എന്നാല്‍, ബോട്ട്‌ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സെക്ഷനില്‍ നിന്ന് ഇപ്പോള്‍ മാറ്റിനിര്‍ത്തിയിരിക്കുന്ന രഹ്‌നയുടെ പോസ്റ്റിങ് എവിടേ—ക്കാണെന്നു തീരുമാനിച്ചിട്ടില്ലെന്നും ജനറല്‍ മാനേജര്‍ എത്തിയതിനു ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്. രഹ്‌ന ഫാത്തിമയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബിഎസ്എന്‍എല്‍ പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.

RELATED STORIES

Share it
Top