ശബരിമല; ബ്രഹ്മാണ്ഡ നാമജപ ഘോഷയാത്ര നടത്തി

കൊച്ചി: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ നാമജപ ഘോഷയാത്ര നടത്തി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി പുനപ്പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു യാത്ര.
അയ്യപ്പസ്തുതികളുടെയും ശരണം വിളികളുടെയും അലയൊലികളുയര്‍ത്തിയ യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിലധികം വിശ്വാസികള്‍ അണിനിരന്നു. എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശനും നടനും എംപിയുമായ സുരേഷ് ഗോപിയും ചേര്‍ന്ന് നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ക്ഷേത്രകാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും തന്ത്രി കുടുംബങ്ങളുമായി ആലോചിച്ചു മാത്രമേ ഇത്തരം കാര്യങ്ങളില്‍ നിലപാടുകളെടുക്കാന്‍ പാടുള്ളൂവെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരി പറഞ്ഞു.
മേനക, ഹൈക്കോടതി ജങ്ഷന്‍, ടിഡി റോഡ് വഴി ശിവക്ഷേത്ര മൈതാനിയില്‍ അവസാനിച്ചു. യാത്രയില്‍ 27 സമുദായ സംഘടനകളും 30ഓളം ഹൈന്ദവ സംഘടനകളും പങ്കെടുത്തു. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുക, ഹിന്ദു അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, റെഡി ടു വെയ്റ്റ് തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളും കൊടികളുമേന്തി വിശ്വാസികള്‍ യാത്രയുടെ ഭാഗമായി. യാത്ര കടന്നുപോയ വഴികളിലൊക്കെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഇടറോഡുകളിലൂടെയും സമാന്തര പാതകളിലൂടെയും വഴിതിരിച്ചുവിട്ടു.

RELATED STORIES

Share it
Top