ശബരിമല: ബിജെപി നേട്ടമുണ്ടാക്കുന്നത് കാണാതെ പോവരുത് - സാറാ ജോസഫ്

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ കേരളത്തില്‍ വിജയം അസാധ്യമായ ബിജെപിക്ക് വലിയ സാധ്യതകള്‍ തുറന്നു നല്‍കിയിരിക്കുകയാണെന്നും ഇതു കാണാതെ പോവരുതെന്നും എഴുത്തുകാരി സാറാ ജോസഫ്. സേവ് ഒവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകൂളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിധിക്കു ശേഷം ഹിന്ദു സമൂഹത്തിനകത്ത് വലിയൊരു ഐക്യപ്പെടല്‍ നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധതയാണ് നടക്കുന്നതെന്നു മനസ്സിലാക്കാതെ ചെറിയ പെണ്‍കുട്ടികള്‍ വരെ പ്രതിഷേധത്തിന് ഇറങ്ങുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ നീക്കം ഭയത്തോടുകൂടി കാണേണ്ടതുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബിജെപി മുഖ്യായുധമാക്കും. ഇവിടെ നിലയുറപ്പിക്കാനുള്ള വലിയ അവസരം ഹിന്ദു സംഘടനകള്‍ക്ക് ശബരിമല വിഷയം തുറന്നുകൊടുത്തു. ഇതിന്റെ മറവില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വലിയ ഒരുക്കം നടക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ചരിത്രം പരിശോധിക്കണം. ഇത്തരം ചിന്തകള്‍ സമൂഹത്തിനെ പിന്നെയും ഏറെ പിന്നോട്ട് നടത്തുമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top