ശബരിമല: ബിജെപി ദേശീയ പ്രചാരണത്തിന്; കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കാമെന്ന് പ്രതീക്ഷ

ദില്‍ഷാദ് മുഹമ്മദ്

കൊച്ചി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധി കേന്ദ്ര തുടര്‍ ഭരണത്തിനുളള തിരഞ്ഞെടുപ്പു പ്രചാരണായുധമാക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും പാളിപ്പോയ മറ്റു പദ്ധതികളും ലോക്‌സഭാ തിരഞ്ഞെടുപ്പിനു തിരിച്ചടിയാവുമെന്നതിനാലാണു വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും അധികാരം നിലനിര്‍ത്താന്‍ അമിത്ഷാ-മോദി കൂട്ടുകെട്ട് ആലോചിക്കുന്നത്.
കേരളത്തിലേതില്‍ നിന്നു വ്യത്യസ്തമായി ഹൈന്ദവത ഉയര്‍ത്തിയാല്‍ ഉത്തരേന്ത്യയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന മുന്‍കാല അനുഭവമാണു ബിജെപി നേതൃത്വത്തെ പുതിയ തന്ത്രം ആവിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കാമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ അവസ്ഥയും ക്ഷേത്രാചാരങ്ങളിലെ ബാഹ്യ ഇടപെടലുകളും എളുപ്പം അനുകൂല വോട്ടാക്കാന്‍ കഴിയും. അതുകൊണ്ടു കോടതിവിധിക്കെതിരേ കേന്ദ്രനേതാക്കളുടെ സഹായത്തോടെ കേരളത്തില്‍ പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെ തുടര്‍ പ്രക്ഷോഭ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണു നിര്‍ദേശം. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വരെ ഇടംപിടിക്കുന്ന രീതിയില്‍ സ്ത്രീകളെയും കുട്ടികളെയും നിരത്തിലിറക്കി കൂടുതല്‍ പ്രത്യക്ഷസമരങ്ങള്‍ നടത്താനാണു പരിപാടി.
സാക്ഷരതയില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുപി മോഡല്‍ തന്ത്രമാണ് ആവിഷ്‌കരിക്കുന്നത്. പ്രതിഷേധം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും വിവാദ പ്രസ്താവനകളുമായി കേരളത്തിലെ ഭക്തരെ ഉത്തേജിപ്പിക്കും. ഇതോടെ മോദിതരംഗം വീണ്ടും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയാണു കേന്ദ്രനേതാക്കള്‍ക്കുള്ളത്.
ആസന്നമായ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും മുഖ്യ തിരഞ്ഞെടുപ്പു തന്ത്രമായി ശബരിമല വിഷയം അവതരിപ്പിച്ച് പരീക്ഷിക്കാനും ശക്തികൂട്ടാനുമാണു തീരുമാനം. റേഫല്‍ ഇടപാടും മീ ടൂ വിവാദങ്ങളും നോട്ട് നിരോധനവും ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നു ബിജെപിക്ക് ആശങ്കയുണ്ട്. നിരാശയും അമര്‍ഷവും മൂലം പാര്‍ട്ടിയില്‍ നിന്നു മാറിനില്‍ക്കുന്ന പ്രവര്‍ത്തകരെയും ശബരിമല പ്രതിഷേധത്തിലൂടെ കൂടെ കൂട്ടി പ്രവര്‍ത്തനം ശക്തമാക്കാനും നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്.
കൂടാതെ ഇൗ വിഷയം ആളിക്കത്തിച്ച് ദലിത് ഹൈന്ദവരെ അണിചേര്‍ക്കാനും കഴിയും. കേരളത്തിലുടനീളം ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന്റെ ശക്തി കണ്ടറിഞ്ഞ് എല്‍ഡിഎഫ് മൃദുസമീപനം സ്വീകരിക്കാനൊരുങ്ങുകയാണെങ്കിലും കേന്ദ്രഭരണത്തിലെ മുന്‍പരിചയം മൂലം കോണ്‍ഗ്രസ് ആദ്യം മുതലെ ഭക്തര്‍ക്ക് അനുകൂല നിലപാടെടുത്തു ബിജെപി തന്ത്രത്തെ നേരിടുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാധാരണക്കാരില്‍ ക്ഷേത്രപ്രവേശനത്തില്‍ ഇതര സമുദായങ്ങളും മതങ്ങളും ഇടപെടുന്നുവെന്ന ധാരണയുണ്ടാക്കി വോട്ട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം എളുപ്പം നടക്കുമെന്നാണു മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED STORIES

Share it
Top