ശബരിമല പ്രക്ഷോഭം: പ്രതിഷേധം, സംഘര്‍ഷം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമരം ശക്തമായിരിക്കെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പോലിസ് ലാത്തി വീശി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലിസിനു നേരെ പ്രതിഷേധക്കാര്‍ കല്ലേറും നടത്തി.
അതിനിടെ, ഇന്നലെ ശബരിമലയിലേക്കു പോയ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. മല കയറാനെത്തിയ ആന്ധ്രാ സ്വദേശി 41 വയസ്സുള്ള മാധവിക്കാണ് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നത്. ആദ്യം തന്നെ യുവതിയെ പിന്തിരിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അയ്യപ്പന്‍ റോഡ് വഴി ഇവര്‍ മല കയറിത്തുടങ്ങി. ആദ്യം പോലിസ് ഒപ്പമുണ്ടായിരുന്നു. കുറച്ചു ദൂരമെത്തിയപ്പോള്‍ പോലിസ് പിന്‍വാങ്ങി. ഇതോടെ പ്രതിഷേധക്കാര്‍ വീണ്ടും ഇവരെ തടയുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കു പമ്പയിലേക്കു മടങ്ങേണ്ടിവന്നത്. തുടര്‍ന്ന് പമ്പയില്‍ നിന്ന് പ്രതിഷേധക്കാരെ പോലിസ് നീക്കി.
ഇതിനിടെ, ശബരിമലയ്ക്കു പോവാനെത്തിയ മറ്റൊരു യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരുവിഭാഗം വിശ്വാസികള്‍ തടഞ്ഞത്. വ്രതമെടുത്ത് എത്തിയതാണെന്ന് ലിബി അറിയിച്ചു. താന്‍ നിരീശ്വരവാദിയാണെന്നും ജനാധിപത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ശബരിമലയിലേക്ക് വന്നതിനു പിന്നിലെന്നും യാത്ര തടസ്സപ്പെട്ടാല്‍ സര്‍ക്കാരിനെതിരേ കേസ് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ലിബിയെ തടഞ്ഞ 50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ലിബിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അതേസമയം, ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ സ്ഥാപിച്ച രാപകല്‍ സമരപ്പന്തല്‍ ഇന്നലെ പുലര്‍ച്ചെ പോലിസ് പൊളിച്ചുനീക്കിയെങ്കിലും പ്രതിഷേധക്കാര്‍ ഉടന്‍ തന്നെ പുനസ്ഥാപിച്ചു. രാവിലെ ചില പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് സമരപ്പന്തല്‍ പോലിസ് പൊളിച്ചുനീക്കിയത്.
പരമ്പരാഗത പാതയിലേക്ക് സ്ത്രീകളെ കടത്തിവിടുന്നത് സുഗമമാക്കാന്‍ തന്നെയാണ് പോലിസ് തീരുമാനം. ആന്ധ്രാ സ്വദേശിനിയെ തടഞ്ഞതിനെ തുടര്‍ന്ന് സമരപ്രവര്‍ത്തകരെ പമ്പയില്‍ പോലിസ് നീക്കം ചെയ്തു. സമരം ചെയ്ത തന്ത്രികുടുംബത്തിലെ അംഗങ്ങളെയും മാറ്റി. ഇവര്‍ ഇരുന്ന സ്ഥലത്ത് എം ടി രമേശും കെ സുരേന്ദ്രനും പ്രതിഷേധം തുടങ്ങി.
ശബരിമലയിലെ പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിക്കുന്നില്ല. 19ന് നടക്കുന്ന യോഗത്തില്‍ നന്നായി ആലോചിച്ച് ചര്‍ച്ച ചെയ്യും. അതുവരെ ക്ഷമിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കണം. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top