ശബരിമല നട ഇന്നു തുറക്കുംപ്രതിഷേധം ശക്തം; കനത്ത സുരക്ഷയൊരുക്കി പോലിസ്

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കാനിരിക്കെ പമ്പയിലും പരിസരങ്ങളിലും പോലിസ് കനത്ത സുരക്ഷയൊരുക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലയ്ക്കലില്‍ ഒരുവിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തും.
ശബരിമലയില്‍ പോകുന്നുവെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ബസ് തടഞ്ഞ് രണ്ടു വിദ്യാര്‍ഥിനികളെ ഒരുവിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ഇറക്കിവിടാന്‍ ശ്രമം നടത്തി. ഇതു ചെറിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് രണ്ടു കമ്പനി വനിതാ പോലിസ് ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ, കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലേക്കു പോയ ദേശീയ വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു. സ്ത്രീകളായ പ്രതിഷേധക്കാരാണ് ബസ്സിനുള്ളില്‍ കയറി ഇംഗ്ലീഷ്, ഹിന്ദി ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്. പമ്പയിലെത്തി റിപോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ദേശീയ മാധ്യമത്തിന്റെ വനിതാ പ്രതിനിധി പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാനല്ല എത്തിയതെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ പോവാന്‍ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പമ്പ വരെ പോകാമെന്നിരിക്കെയാണ് നിലയ്ക്കലില്‍ വച്ചു തന്നെ പ്രതിഷേധക്കാര്‍ എത്തി തടഞ്ഞത്. അതിനിടെ, നാമജപയജ്ഞ സംഘത്തില്‍പ്പെട്ട രത്‌നമ്മയെന്ന സ്ത്രീ ഇന്നലെ ആത്മഹത്യാഭീഷണി മുഴക്കി. പിന്നീട് പോലിസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് റബര്‍മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യക്കു ശ്രമിച്ചത്.

RELATED STORIES

Share it
Top