ശബരിമല ദര്‍ശനത്തിനുള്ള ആഗ്രഹം വെളിപ്പെടുത്തി കോളജ് അധ്യാപിക

കണ്ണൂര്‍: ശബരിമല ദര്‍ശനത്തിനുള്ള ആഗ്രഹം സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തി കോളജ് അധ്യാപികയായ യുവതി. കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്താണ് 41 ദിവസം വ്രതമെടുത്ത് മലകയറാന്‍ ഫേസ്ബുക്കിലൂടെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ തേടിയത്. കടുത്ത അയ്യപ്പഭക്തകൂടിയായ രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: വര്‍ഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോവാന്‍ കഴിയില്ലെന്ന ഉറപ്പോടുകൂടിത്തന്നെ.
പക്ഷേ, കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോവണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കില്‍കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവുമെന്ന് കരുതുന്നു.
മുഴുവന്‍ ആചാരവിധികളോടുംകൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതമനുഷ്ഠിച്ച്, മല്‍സ്യമാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃസാമീപ്യത്തില്‍ നിന്നകന്നുനിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വരചിന്തകള്‍ മാത്രം മനസ്സില്‍ നിറച്ച്, ഇരുമുടിക്കെട്ടു നിറച്ച്. ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതുകൊണ്ടുതന്നെ, വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറംതള്ളല്‍ മാത്രമായി അത് കാണുന്നതുകൊണ്ടുതന്നെ പൂര്‍ണ ശുദ്ധിയോടെ തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വിശ്വാസത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രേഷ്മ പറയുന്നു. രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥന്‍ എ വി നിഷാന്ത് ബാബുവാണ് ഭര്‍ത്താവ്. അദ്ദേഹവും ഭാര്യയുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top