ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരു മരണം

പത്തനംതിട്ട: ശബരിമല തീ ര്‍ത്ഥാടകര്‍ സഞ്ചരിച്ച ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പെ ണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മലയാലപ്പുഴ പത്തിശേരി ശ്രീജത്ത് വിലാസത്തില്‍ (തയ്യില്‍) അനഘ (ഏഴ്)യാണു മരിച്ചത്. അനഘയുടെ പിതാവ് വിജേഷ്, മാതാവ് ശ്രീജ, അനഘയുടെ ഇളയ സഹോദരി അമൃത, വിജേഷിന്റെ പിതാവ് വേണുഗോപാല്‍, ശ്രീജയുടെ പിതാവ് സദാശിവന്‍, ഒട്ടോ ഡ്രൈവര്‍ ശശികുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. പമ്പ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. ഇവര്‍ക്കെതിരേ പമ്പ പോലിസ് കേസെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ ഇലവുങ്കലിനു സമീപമാണ് അപകടമുണ്ടായത്.
കാര്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നറിയുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമൃതയെയും ശ്രീജയെയും ഭര്‍ത്താവ് വിജേഷിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഒട്ടോറിക്ഷയിലുണ്ടായിരുന്നവര്‍. പത്തനംതിട്ട മേക്കൊഴൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അനഘ. കോഴിക്കോട് സ്വദേശിയാണ് വിജേഷ്.

RELATED STORIES

Share it
Top