ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റത്തിന് ബോര്‍ഡിന്റെ അംഗീകാരം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റിയ കഴിഞ്ഞ ബോര്‍ഡിന്റെ വിജ്ഞാപനം റദ്ദാക്കി ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം എന്നാക്കി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരുന്ന ബോര്‍ഡ് തീരുമാനിച്ച അയ്യപ്പക്ഷേത്രം എന്ന പേരാണ് മാറ്റിയത്. ഇന്നലെ ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവുന്നതല്ലെന്നും അവധാനത ഇല്ലാത്ത തീരുമാനമായിരുന്നു പേരുമാറ്റമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ വാദത്തിന് ബലം പകരാനാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരുന്ന കഴിഞ്ഞ ബോര്‍ഡ് ശബരിമല അയ്യപ്പസ്വാമിക്ഷേത്രം എന്ന് പേര് മാറ്റിയിരുന്നത്. എന്നാല്‍, നൂറ്റാണ്ടുകളായി ശബരിമലക്ഷേത്രം ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ ആ പേര് മാറ്റിയത് ഉചിതമല്ലെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അഭിപ്രായം.പേര് ശ്രീ ധര്‍മശാസ്താക്ഷേത്രം എന്നാക്കി മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും എ പത്മകുമാര്‍ അറിയിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തീരുമാനത്തെ സ്വാഗതംചെയ്തു. പേരുമാറ്റുന്നത് അവ്യക്തതയുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അതിനിടെ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഓഫിസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. പമ്പയില്‍നിന്നു സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് ശബരിമല റോപ് വേ പദ്ധതിക്ക് യോഗത്തില്‍ അനുമതിയായി.

RELATED STORIES

Share it
Top