ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റുന്നു; തീരുമാനം ദേവസ്വം ബോര്‍ഡ് യോഗത്തില്‍

തിരുവന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം’എന്ന പഴയ പേരാണ് വീണ്ടും നല്‍കുന്നത്. ഇന്നു ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.
കഴിഞ്ഞ മണ്ഡലകാലത്താണ് പഴയ പേരുമാറ്റി ശബരിമല അയ്യപ്പസ്വാമി ക്ഷേത്രംഎന്നാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ എതിര്‍പ്പോടെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു 2016 ഒക്ടോബര്‍ 6ന് ക്ഷേത്രത്തിന്റെ പേരു മാറ്റിയത്. ഇതോടെ സംഭവം വിവാദവുമായി. സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ ഈ നടപടിയാണ് ഇപ്പോള്‍ തിരുത്തുന്നത്.
ക്ഷേത്രത്തിന്റെ പേരുമാറ്റിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വകുപ്പ് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മിലുള്ള വിള്ളല്‍ ഇതോടെയാണ് പുറത്തായത്. 1800കളില്‍ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമലയുടെ പേര് ഏകപക്ഷീയമായി മാറ്റാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
നിര്‍ണായകമായ തീരുമാനം ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്. മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന തന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യമര്യാദ ചെയര്‍മാന്‍ കാണിച്ചില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.

RELATED STORIES

Share it
Top