ശബരിമല കോടതി വിധി: പന്തളം കൊട്ടാരം നിയമോപദേശം തേടും

പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ വിദഗ്ധരില്‍ നിന്നു നിയമോപദേശം തേടുമെന്ന് കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ പറഞ്ഞു. കൊട്ടാരത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ നിയമോപദേശത്തോടെയാവും മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രാചാരങ്ങളെ തകര്‍ക്കും: കേരള ക്ഷേത്ര സംരക്ഷണ സമിതി
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ക്ഷേത്രവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. മറ്റു മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീവിവേചനങ്ങള്‍ പരിഗണിക്കാതെ ഹൈന്ദവമതത്തിനു നേരെ നിരന്തരമായുള്ള കടന്നുകയറ്റ വും അക്രമവും തുടരുകയാണ്. പരമോന്നത നീതിപീഠത്തിന്റെ വിധിയെ അംഗീകരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ശബരിമലയില്‍ ഉണ്ടാവാന്‍ പോവുന്ന വൈഷമ്യങ്ങളെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നുള്ളത് സമാനചിന്താഗതിയുള്ള ഹിന്ദു സംഘടനകളുമാ യും ഭക്തജനങ്ങളുമായും ആചാരന്മാരുമായും തന്ത്രിമാരുമായും ആലോചിച്ച് സമിതി യുക്തമായ തീരുമാനമെടുക്കുന്നതായിരിക്കും- സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

സുപ്രിംകോടതി വിധി നിര്‍ഭാഗ്യകരം: കൊടിക്കുന്നില്‍
കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി നടത്തിയിരിക്കുന്ന വിധി നിര്‍ഭാഗ്യകരമായി പോയെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. സുപ്രിംകോടതി വിധി ശബരിമലയുടെ പവിത്രതയ്ക്ക് കളങ്കമാണെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top