ശബരിമല : കൊടിമര തേക്കുതടി ഇന്ന് എണ്ണത്തോണിയില്‍ നിന്നു മാറ്റുംപത്തനംതിട്ട: ശബരിമലയിലെ പുതിയ കൊടിമരത്തിനായി തയ്യാറാക്കിയ തേക്കുതടി ഇന്നു രാവിലെ ഒമ്പതിന് പമ്പയില്‍ എണ്ണത്തോണിയില്‍ നിന്നു മാറ്റും. തുടര്‍ന്ന് എണ്ണ ഊറിപ്പോവുന്നതിനായി മൂന്നാഴ്ച പമ്പയില്‍ സൂക്ഷിച്ചശേഷം 22ന് സന്നിധാനത്തേക്ക് കൊണ്ടുപോവും. വ്രതം നോറ്റ 2000 പേര്‍ പല സംഘങ്ങളായി ചുമലിലേറ്റിയാണ് സന്നിധാനത്ത് എത്തിക്കുക. നീലിമല, അപ്പാച്ചിമേട് പാത വഴിയാണ് സഞ്ചാരം. സ്വാമി അയ്യപ്പന്‍ റോഡില്‍ കയറ്റം കുറവാണെങ്കിലും വളവുകള്‍ തടി തിരിയാന്‍ തടസമാകും.   ഇന്നലെ രാവിലെ മാന്നാറിലെ പണിപ്പുരയില്‍ നിന്ന് ചെമ്പുതകിടുകള്‍ പമ്പയില്‍ എത്തിച്ചു. കൊടിമരത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളും ഒപ്പം കൊണ്ടുവന്നു. സ്വര്‍ണം പാളികളാക്കുന്ന ജോലികള്‍ പമ്പയില്‍ പുരോഗമിക്കുകയാണ്. പരുമല അനന്തനാചാരിയുടെ നേതൃത്വത്തിലാണു പണികള്‍ നടക്കുന്നത്. സ്വര്‍ണപ്പാളികള്‍ പിന്നീട് ചെമ്പുപറകളില്‍ പൊതിയും. ഹൈക്കോടതി നിരീക്ഷന്‍ എ എസ് പി കുറുപ്പിന്റെ മേല്‍നോട്ടത്തിലാണ് എല്ലാ പ്രവൃത്തികളും. പമ്പയില്‍ നടക്കുന്ന സ്വര്‍ണപ്പണികള്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാവും. ജൂണ്‍ 25നാണ് ശബരിമലയില്‍ പുതിയ കൊടിമരം പ്രതിഷ്ഠിക്കുന്നത്.

RELATED STORIES

Share it
Top