ശബരിമല: എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപ്രധാനമായ വിധി. ആര്‍ത്തവപ്രായത്തില്‍ (10നും 56നും ഇടയില്‍) സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ 3ബി വകുപ്പ് സുപ്രിംകോടതി റദ്ദാക്കി.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. സ്ത്രീകളുടെ പ്രവേശന നിയന്ത്രണം ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്.
സ്ത്രീ ഒരുതരത്തിലും പുരുഷനേക്കാള്‍ താഴെയല്ല. ഒരുഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്നു. മറുവശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങള്‍ വച്ചു നിര്‍വചിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. ഭരണഘടനയുടെ 25ാം വകുപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് ജൈവിക, മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.
ലിംഗവിവേചനം അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഭരണഘടനാവിരുദ്ധമാണ്. അയ്യപ്പവിശ്വാസികള്‍ ഒരു പ്രത്യേക വിഭാഗമല്ല. അവര്‍ക്ക് പ്രത്യേക അവകാശവുമില്ല. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് സ്ത്രീകളെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിശ്വാസത്തിനു മീതെ മേല്‍ക്കോയ്മ നേടാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ എഴുതിയ ഉത്തരവില്‍ പറയുന്നു.
ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരം അയ്യപ്പവിശ്വാസികള്‍ക്ക് പ്രത്യേക അവകാശമില്ല. 1965ലെ നിയമത്തിലെ 3 (ബി) വകുപ്പ് ഭരണഘടനയുടെ 25 (1)ന്റെ ലംഘനമാണ്. വനിതകളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്റെ വിധിയില്‍ പറയുന്നത്.
ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ ജനവിഭാഗങ്ങള്‍ക്കുമുണ്ട്. അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. സ്ത്രീകള്‍ക്ക് വ്രതമെടുക്കാന്‍ കഴിയില്ല എന്ന വാദം തെറ്റാണ്. സ്ത്രീകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരുതരത്തിലുള്ള തൊട്ടുകൂടായ്മയാണ് എന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രത്യേക വിധിന്യായത്തില്‍ പറയുന്നത്. സ്ത്രീകളുടെ പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജികളില്‍ എട്ടു ദിവസമാണ് കോടതി വാദം കേട്ടത്. ഹരജിക്കാരുടെ ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പന്തളം രാജാവ്, എന്‍എസ്എസ്, ഹിന്ദു സംഘടനകള്‍ എന്നിവര്‍ എതിര്‍ത്തിരുന്നു.

RELATED STORIES

Share it
Top