ശബരിമല: ആചാരങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാവരുത്‌

ന്യൂഡല്‍ഹി: മതപരമായ ആചാരങ്ങള്‍ ഭരണഘടനാ തത്ത്വങ്ങള്‍ക്കു വിരുദ്ധമാവരുതെന്നു സുപ്രിംകോടതി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കേസില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ബെഞ്ച് വാദംകേട്ടത്. കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയാണു വാദങ്ങള്‍ നിരത്തിയത്.
41 ദിവസത്തെ വ്രതത്തിനു ശേഷം മനസ്സും ശരീരവും ശുദ്ധിയാക്കിയാണ് ശബരിമലയിലേക്കു പോവുന്നത്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാവില്ല. അതുകൊണ്ടാണ് അവര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത്. ശാരീരികമായി ഈ പ്രത്യേകതകള്‍ ഉള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങളുണ്ട്. സ്ത്രീ എന്ന ലിംഗവിഭാഗമല്ല ഈ നിയന്ത്രണത്തിന് അടിസ്ഥാനമെന്നും ദേവസ്വത്തിനു വേണ്ടി സിങ്‌വി ചൂണ്ടിക്കാട്ടി.
മണ്ഡലകാലത്തെ അഞ്ചു ദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്ന നിലപാട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച കാര്യം ഈ ഘട്ടത്തില്‍ അഞ്ചംഗ ബെഞ്ചിലെ ഡി വൈ ചന്ദ്രചൂഡ് ഉന്നയിച്ചു. ബോര്‍ഡിന് കൃത്യമായ നിലപാടില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ബോര്‍ഡ് പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ഋതുമതിയായ സ്ത്രീയുടെ പ്രവേശനത്തിന് അനുമതിയുള്ള ആ അഞ്ചുദിവസം അയ്യപ്പന്‍ ബ്രഹ്മചാരി അല്ലാതാവില്ലേയെന്നും ചോദിച്ചു. ധാര്‍മികത കാലത്തിനൊത്തു മാറുന്നതാണ്. ഭരണഘടനാ പരമായ ധാര്‍മികത കേസില്‍ പരിശോധിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ല. സ്ത്രീയായി ജനിച്ച കാരണത്താല്‍ ആ ദിവസം മുതല്‍ അവര്‍ ചില സാമൂഹിക വ്യവസ്ഥകള്‍ക്കു വിധേയപ്പെടണം എന്നതല്ലേ നിങ്ങള്‍ ആവശ്യപ്പെടുവരുന്നത്- ചന്ദ്രചൂഡ് ചോദിച്ചു.
ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നത് എങ്ങിനെ ആചാരമാവുമെന്നു ചോദിച്ച ചീഫ് ജസ്റ്റിസ്, ഇത് ഭരണഘടനയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ മൂന്നാം തവണയാണ് നിലപാട് മാറുന്നതെന്നു ബെഞ്ചിലെ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.

RELATED STORIES

Share it
Top