ശബരിമലയ്‌ക്കെതിരേ നടക്കുന്നത് തീവ്ര വലതുപക്ഷ ഗൂഢാലോചന: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയ്‌ക്കെതിരേ നടക്കുന്നത് തീവ്ര വലതുപക്ഷ ഗൂഢാലോചനയെന്ന് രാഹുല്‍ ഈശ്വര്‍. ഏക സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ശബരിമലയില്‍ നടക്കുന്നത്. പല ആള്‍ക്കാരും തെറ്റിദ്ധരിക്കുന്നതുപോലെ ശബരിമലയ്‌ക്കെതിരേ ഇടത് ലിബറലുകളോ, ബര്‍ഖാദത്തോ, നൗഷാദ് അഹ്മദ് ഖാനോ ജഡ്ജി കുര്യന്‍ ജോസഫോ അല്ല ഗൂഢാലോചന നടത്തിയതെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പട്ടാളത്തെ ഉപയോഗിച്ച് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനയോടെ ആരാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. ഒരു സംഘടനയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ അല്ല. മറിച്ച് ബ്രാഹ്മണിക്കല്‍ സവര്‍ണ തീവ്ര രാഷ്ട്രീയത്തിന്റെ മനസ്ഥിതിയാണ് ഇത്. ശബരിമലയെ ബലികൊടുത്ത് ബാക്കി സമുദായങ്ങള്‍ക്ക് ദോഷംചെയ്യാമെന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് അപകടകരമാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
മുസ്‌ലിം, ക്രിസ്ത്യന്‍ വിരോധത്തെ കപട ദേശീയതയുടെ മുഖംമൂടിയണിയിച്ച് അവതരിപ്പിക്കുന്ന ചെറിയ വിഭാഗമാണ് ഇതിനു പിന്നില്‍. ജെന്‍ഡര്‍ വാര്യര്‍ എന്ന മുഖംമൂടി ഇടുമ്പോള്‍ ഇടതുപക്ഷത്തെയും നിര്‍വീര്യമാക്കാം എന്ന് ഈ വിഭാഗം ചിന്തിക്കുന്നു. ബ്രാഹ്മണരിലെ ഒരുശതമാനം തീവ്ര മുസ്‌ലിം വിരോധത്തിന്റെ രാഷ്ട്രീയമുയര്‍ത്തുന്നവരാണ്. ശബരിമലയെയും ക്ഷേത്രങ്ങളെയും എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രാര്‍ഥനാ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും റിവ്യൂ പെറ്റീഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഈ മാസം 17ന് അയ്യപ്പ ഭക്തജന മഹാസംഗമം സംഘടിപ്പിക്കുമെന്ന് ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

RELATED STORIES

Share it
Top