ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമം: കോടിയേരി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോഷ്യല്‍ മീഡിയ വഴി ആര്‍എസ്എസ് വ്യാജ പ്രചാരണം നടത്തുന്നു. വിധിയോട് യോജിപ്പില്ലാത്തവര്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പോലിസിനെ നിഷ്—ക്രിയമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. അതിനായി പോലിസ് ഓഫിസര്‍മാരെ മതപരമായി വേര്‍തിരിച്ചുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നു. സുപ്രിംകോടതി വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധത്തിനുള്ള വഴിയാക്കിത്തീര്‍ക്കരുത്. എല്‍ഡിഎഫ് ഒരാളുടെയും വിശ്വാസത്തിന് എതിരല്ല. കോണ്‍ഗ്രസ്സും ബിജെപിയും ഇതുവരെ റിവ്യൂ ഹരജി കൊടുക്കാന്‍ തയ്യാറായിട്ടില്ല. വിശ്വാസികളെ ഇളക്കിവിട്ട് സമരം ചെയ്യുന്നതിനു പകരം നിയമപരമായ വഴി തേടുകയായിരുന്നു വേണ്ടത്. വിശ്വാസികളെ രക്ഷിക്കാനുള്ള സമരമല്ല നടക്കുന്നത്. ഇതൊരു രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാനത്തിനു ചെയ്യാവുന്നത്. മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ സമാനമായ വിധി വന്നിരുന്നു. പക്ഷേ, ബിജെപിയോ കോണ്‍ഗ്രസ്സോ അവിടെ സമരം ചെയ്തിരുന്നില്ല. കേരളത്തില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നതിനാണ് സമരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് അവരുടെ ലക്ഷ്യം.
വിധിയിലുള്ള എതിര്‍പ്പ് സുപ്രിംകോടതിയില്‍ ബിജെപി അറിയിച്ചിട്ടില്ല. കേരളത്തിലെ ബിജെപിയും കേന്ദ്രത്തിലെ ബിജെപിയും രണ്ടു നിലപാടാണ് സ്വീകരിക്കുന്നത്. ഇതിലൂടെത്തന്നെ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാവുന്നു. സംഘര്‍ഷം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിധി സ്വാഗതം ചെയ്തതാണ്. എന്നാല്‍, ഇവരുടെ നിലപാടുമാറ്റത്തിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമാണ്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസ്സിന്റെ നിലപാട് അവര്‍ക്കു തന്നെ നാളെ തിരിച്ചടിയാവുമെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് ക്രിമിനലുകള്‍ സംഘര്‍ഷത്തിനു നേതൃത്വം നല്‍കുന്നു. ഇത് ആസൂത്രിതമായ പദ്ധതിയാണ്. വിഷയത്തില്‍ എല്‍ഡിഎഫ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശന പരിപാടി. നവംബര്‍ 3, 4 തിയ്യതികളില്‍ നടത്തും. നവംബര്‍ 12ന് ക്ഷേത്രപ്രവേശന വാര്‍ഷികത്തില്‍ എല്ലാ വില്ലേജുകളിലും നവോത്ഥാന സദസ്സ് നടത്തുമെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top