ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയെ അയോധ്യയാക്കാന്‍ കോ ണ്‍ഗ്രസ് അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്‌ഫോടനാത്മകായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സിപിഎമ്മും ബിജെപിയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ്. ഇത് ആപല്‍ക്കരമാണ്.
കോടതിവിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കില്ല. ബിജെപിയും സംഘപരിവാര സംഘടനകളും ഇതിനെ സമുദായവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയുമാണ്. ബിജെപിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. ആര്‍എസ്എസും ബിജെപിയുടെ കേന്ദ്ര നേതൃത്വവും ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം സാമുദായിക ചേരിതിരിവുണ്ടാക്കും. പ്രതിപക്ഷ നേതാവ് ബിജെപി ഏജന്റാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ 1977ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയന്‍ മല്‍സരിച്ചപ്പോള്‍ ജനസംഘത്തിന്റെ നേതാക്കള്‍ അണിനിരന്നതും ഇതിനു പ്രത്യുപകാരമായി ഉദുമയില്‍ കെ ജി മാരാറിനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിച്ചതും മറക്കരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയതുകൊണ്ടു ഫലമില്ലെന്ന സര്‍ക്കാര്‍ വാദം അസ്ഥാനത്താണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയെങ്കിലും പ്രശ്‌നം സര്‍ക്കാര്‍ അവധാനതയോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ബിജെപിയും ആര്‍എസ്എസും സിപിഎമ്മും ചേര്‍ന്നു ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സുപ്രിംകോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്താന്‍ കഴിയും. അതിനു ശ്രമിക്കാതെ ശബരിമലയെയും സംസ്ഥാനത്തെയും സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top