ശബരിമലയെ അയോധ്യയാക്കാനുള്ള നീക്കം അനുവദിക്കില്ല: മുല്ലപ്പള്ളി

കോഴിക്കോട്/മലപ്പുറം: സംഘര്‍ഷത്തിലൂടെ ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള കുല്‍സിത ശക്തികളുടെ ശ്രമം അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമവായമുണ്ടാക്കിയില്ലെങ്കില്‍ പ്രശ്‌നം വഷളാക്കാന്‍ കാപാലികര്‍ കാത്തിരിക്കുകയാണ്. ബാബരി മസ്ജിദ് വിഷയത്തിലെന്നപോലെ രക്തപ്പുഴ ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ശബരിമല വിഷയം പ്രശ്‌നവല്‍ക്കരിച്ചാല്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്കാണ് ഗുണമുണ്ടാവുക. വിഷയം കൂടുതല്‍ വിവാദമാക്കരുതെന്ന് പറയാന്‍ കാരണം അതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റായ ശേഷം ആദ്യമായി സ്വന്തം ജില്ലയിലെത്തിയ മുല്ലപ്പള്ളി കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. ശബരിമലയില്‍ നിന്നുയരുന്നത് ആചാരം സംരക്ഷിക്കാനുള്ള ആവശ്യമാണ്. അത് അനാചാരമല്ല. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെ വിശ്വാസികള്‍ തെരുവിലിറങ്ങുകയും അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണം. കോണ്‍ഗ്രസ് കക്ഷിചേരുമോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് തകിടംമറിയുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഓരോ ക്ഷേത്രങ്ങള്‍ക്കും വ്യത്യസ്തമായ ആചാരങ്ങളാണുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കോടതി ഉത്തരവിലൂടെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിധി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ചവിട്ടുപടിയായി ഉപയോഗിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ച മുഖ്യമന്ത്രിയുടെ നടപടി വൈകിയുദിച്ച ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശ്വാസികള്‍ തന്നെയാണ് അഭിപ്രായം പറയേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതും, മറിച്ച് അവിശ്വാസികളല്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകളും കോടതികളും ഇടപെടുന്നത് ശരിയല്ലെന്ന നിലപാടാണ് എന്നും മുസ്ലിംലീഗിനുള്ളത്. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ പള്ളിയില്‍ പോവുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുണ്ട്. അല്ലാത്തവരെ നിര്‍ബന്ധിക്കേണ്ട കാര്യവുമില്ല. വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

RELATED STORIES

Share it
Top