ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തണം

കൊച്ചി: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടിലുള്‍പ്പെടെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തന്മാര്‍ പൂജാ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഇരുമുടിക്കെട്ടിലാക്കി വരുകയും ഉപയോഗം കഴിഞ്ഞ കവറുകള്‍ ഉപേക്ഷിച്ചു മടങ്ങുകയും ചെയ്യുന്നത് പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നു ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്.
ശബരിമലയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം വില്‍ക്കുന്നത് ഉള്‍പ്പെടെ ഹൈക്കോടതി 2015 ഡിസംബറില്‍ നിരോധിച്ചിരുന്നു. പല തവണയായി പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി നടപടികളും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇരുമുടിക്കെട്ടില്‍ കര്‍പ്പൂരവും മഞ്ഞള്‍പ്പൊടിയും പ്ലാസ്റ്റിക് കവറിലാണ് കൊണ്ടുവരുന്നത്. കൂടാതെ, പ്ലാസ്റ്റിക് കുപ്പികളില്‍ പനിനീരും കൊണ്ടുവരുന്നുണ്ട്. പമ്പ മുതല്‍ മാളികപുറത്തമ്മയുടെ ക്ഷേത്രപരിസരം വരെയുള്ള ഭാഗങ്ങളിലായി പ്ലാസ്റ്റിക് കവറുകളും പനിനീര്‍ കുപ്പികളും ഭക്തര്‍ ഉപേക്ഷിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ശബരിമലയിലെ ജല സ്രോതസ്സിനെയും പരിസ്ഥിതിയെയും ബാധിക്കുമെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറയുന്നത്.
ഇക്കാര്യം വ്യക്തമാക്കി ഭക്തര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നാണ് റിപോര്‍ട്ടിലെ മുഖ്യ ആവശ്യം. ഇതും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനും ഇത്തരം ബോധവല്‍ക്കരണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top