ശബരിമലയില്‍ സംഭവിക്കുന്നത്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വഴി സുപ്രിംകോടതി തുറന്നിട്ട 'പണ്ടോരയുടെ പെട്ടി' അത്ര എളുപ്പത്തിലൊന്നും അടയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ത്യയെപ്പോലെ അതിവിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആധുനിക ജനാധിപത്യസമൂഹങ്ങളുടെ യുക്തിബോധവും സ്വാതന്ത്ര്യ സങ്കല്‍പങ്ങളും എത്രത്തോളം പ്രായോഗികമാവുമെന്ന് കോടതി കണക്കിലെടുത്തതേയില്ല. മുത്ത്വലാഖ്, ശരീഅത്ത് പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതും ഇതുമൂലമാണ്. രാജ്യത്തെ മൊത്തത്തില്‍ ആധുനികവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങുന്ന മതേതര ബുദ്ധിജീവികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംഗതിയും അതുതന്നെ. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം ഈ 'കാഴ്ചക്കുറവാണ്.'
നിബിഡവനത്തില്‍ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ശബരിമല. ഇപ്പോഴത്തെ സംവിധാനമനുസരിച്ച് ദിവസം മുഴുവന്‍ പടികള്‍ കയറാന്‍ കഴിഞ്ഞാല്‍ തന്നെ പ്രതിദിനം 1.2 ലക്ഷം തീര്‍ത്ഥാടകര്‍ക്കു മാത്രമേ ശബരിമല തീര്‍ത്ഥാടനം സാധിക്കുകയുള്ളൂ. 24 മണിക്കൂറും നട തുറക്കാറില്ല. അതിനാല്‍ പ്രതിദിനം 50,000 പേര്‍ക്കു മാത്രമേ ദര്‍ശനത്തിനു കഴിയൂ. ശബരിമലയിലെത്തുന്നവരുടെ വളരെ ചെറിയ ശതമാനം മാത്രമാണിത്. അപ്പോള്‍ സ്വാഭാവികമായും ക്യൂവും ആള്‍ത്തിരക്കുമുണ്ടാവും. പുതിയ വിധിപ്രകാരം സ്ത്രീകള്‍ കൂടി മല കയറുമ്പോള്‍ ഈ തിരക്ക് നിയന്ത്രണാതീതമായി മാറും. ഈ സാഹചര്യത്തില്‍ വളരെയധികം മുന്നൊരുക്കങ്ങളില്ലാതെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുക സാധ്യമേയല്ല. നിര്‍ഭാഗ്യവശാല്‍ ഈ പ്രായോഗിക വൈഷമ്യങ്ങളൊന്നും സുപ്രിംകോടതി പരിഗണിച്ചിട്ടില്ല. ഒരു കൊല്ലത്തെയെങ്കിലും മുന്നൊരുക്കമില്ലാതെ ശബരിമലയെ 'ലിംഗാതീത'മാക്കാനാവുകയില്ല. എന്നിട്ടും വിധി വന്ന ഉടനെ ശബരിമലയിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യാനിറങ്ങിയ ഇടതുമുന്നണി ഗവണ്‍മെന്റിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം കാളപെറ്റെന്ന് കേട്ടപാടെയുള്ള കയറെടുക്കലായിപ്പോയി. മഹത്തായൊരു സാമൂഹികവിപ്ലവത്തിനു കളമൊരുക്കുന്നു എന്ന മട്ടിലായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും മറ്റും പ്രതികരണങ്ങള്‍. ഒടുവില്‍, എതിര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടിയും വന്നിരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിശ്വാസാചാരങ്ങളൊന്നും തെല്ലും പരിഗണിക്കാത്തവരാണ് ഇപ്പോള്‍ സ്ത്രീയവകാശങ്ങള്‍ക്കു വേണ്ടി രംഗത്തുവന്നിട്ടുള്ള പലരും. അവിശ്വാസികളെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടുതന്നെ ചില സ്ത്രീകള്‍ മലകയറാന്‍ വന്നു. അത്തരം പ്രവൃത്തികള്‍ സ്ഥിതി സങ്കീര്‍ണമാക്കുകയേയുള്ളൂ. അതോടൊപ്പം കലങ്ങിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുകയും ചെയ്തു. തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത ബിജെപിയും ആര്‍എസ്എസും ഭക്തിയുടെ മറവില്‍ ആളുകളെ സംഘടിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്. അത് ശബരിമലയെ കലാപഭൂമിയാക്കുക മാത്രമല്ല, കേരളത്തില്‍ സംഘിരാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കുകയും ചെയ്യും. ഇതാണ് ശബരിമല പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ള ഏറ്റവും വലിയ അപകടം.

RELATED STORIES

Share it
Top